മുംബൈയിൽ 11കാരനെ ക്ലാസ് മുറിയിൽ അടിച്ച അധ്യാപകനെതിരെ കേസ്

 

മുംബൈ: താനെയിലെ ഭീവണ്ടിയിൽ 11കാരനെ ക്ലാസ് മുറിയിൽവെച്ച് തല്ലിയതിന് അധ്യാപകനെതിരെ കേസെടുത്തു. ജനുവരി 13ന് നടന്ന സംഭവം സ്‌കൂളുകളിലെ വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയതായാണ് റി​പ്പോർട്ട്.

ഇഖ്ബാൽ അൻസാരി എന്ന അധ്യാപകൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ അടിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസ്.

ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വകുപ്പുകളും സ്വമേധയാ ഉപദ്രവിച്ചതിന് ഭാരതീയ ന്യായ സംഹിത പ്രകാരവും അൻസാരിക്കെതിരെ കേസെടുത്തതായി ഭീവണ്ടി ടൗൺ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. രക്ഷിതാക്കളുടെ ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ജനുവരി 17നാണ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തത്.

പുസ്തകമെടുക്കാൻ കുട്ടി സമപ്രായക്കാരനായ വിദ്യാർഥിയുടെ അടുത്തേക്ക് ചെന്നതാണ് അധ്യാപകനെ അക്രമാസക്തമായി പ്രതികരിക്കാൻ പ്രേരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ കടുത്ത മനോവിഷമത്തിലായ മാതാപിതാക്കൾ തങ്ങളുടെ മകന് നീതി തേടി അധികൃതരെ സമീപിച്ചു.

താനെയിൽ തന്നെ മറ്റൊരു അധ്യാപിക ഇംഗ്ലീഷ് വാക്ക് ശരിയായി വായിക്കാൻ കഴിയാത്തതിനെ തുടർന്ന് ഏഴ് വയസ്സുള്ള വിദ്യാർഥിയെ മർദിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. നവംബർ 28ന് അംബർനാഥ് ഏരിയയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. കുട്ടിക്ക് ഇംഗ്ലീഷ് പാഠം ശരിയായി വായിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ക്ലാസ് ടീച്ചർ ദേഷ്യപ്പെടുകയും കാലിലും മുതുകിലും സ്കെയിൽ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതായി പൊലീസ് പറഞ്ഞു.