അമ്മയ്ക്കരികിൽ ‘ഗേൾ നമ്പർ 166’ : ഒരു അസാധാരണ സിനിമയെ വെല്ലുന്ന അന്വേഷണകഥ 

മുംബൈ എന്ന മാഹാനഗരത്തിലെ ഡിഎൻ നഗർ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രാജേന്ദ്ര ദോണ്ഡു ഭോസ്സെയ്‌ക്ക് ഇത് ജന്മോദ്ദേശം സഫലമായതിന്റെ അത്രയും സന്തോഷമാണ്. താൻ എഎസ്‌ഐയായിരിക്കുമ്പോൾ മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞ്
 

മുംബൈ: മുംബൈ എന്ന മാഹാനഗരത്തിലെ ഡിഎൻ നഗർ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രാജേന്ദ്ര ദോണ്ഡു ഭോസ്സെയ്‌ക്ക് ഇത് ജന്മോദ്ദേശം സഫലമായതിന്റെ അത്രയും സന്തോഷമാണ്. താൻ എഎസ്‌ഐയായിരിക്കുമ്പോൾ മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞ് പോയ 166 ാമത് പെൺകുട്ടിയെയും കണ്ടെത്തിയതിന്റെ ആഹ്ളാദത്തിലാണ് അദ്ദേഹം. 

ഡിഎൻ നഗർ സ്റ്റേഷനിലെ എഎസ്ഐയായിരുന്ന രാജേന്ദ്ര ദോണ്ഡു ഭോ‌സ്‍ലെ  2015 ലാണ് വിരമിക്കുന്നത്. 2008നും 2015നും ഇടയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്വേഷിച്ചത് പെൺകുട്ടികളെ കാണാതായ 166 കേസുകൾ. ഇതിൽ 165 പെൺകുട്ടികളെയും കണ്ടെത്താൻ അദ്ദേഹത്തിന്റെ സംഘത്തിനു കഴിഞ്ഞു. ‘ഗേൾ നമ്പർ 166’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പെൺകുട്ടി മാത്രം നൊമ്പരമായി അവശേഷിച്ചു.

2015ൽ വിരമിച്ചെങ്കിലും കഴിഞ്ഞ ഏഴ് വർഷവും ‘ഗേൾ നമ്പർ 166’നു വേണ്ടിയുള്ള അന്വേഷണം ഭോ‌സ്‍ലെ തുടർന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.20ന് മുംബൈ അന്ധേരിയിലെ തന്റെ വീടിന് വെറും 500 മീറ്റർ മാത്രം അകലെ പെൺകുട്ടിയെ കണ്ടെത്തുമ്പോൾ വർഷങ്ങളോളം ഭോ‌സ്‌ലെ നടത്തിയ കഠിനാധ്വാനത്തിനും സമർപ്പണത്തിനും കൂടിയാണ് അംഗീകാരമായി. ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ‌ചെ‌യ്‌തത്

2013 ൽ സ്‌കൂളിൽ പോയി തിരിച്ച് വരും വഴിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയെ കാണാതായതോടെ വലിയ അന്വേഷണം തന്നെ നടന്നു. ഇതോടെ പ്രതികൾ കുട്ടിയെ കർണാടകയിലെ ഒരു ഹോസ്റ്ററിലേക്ക് മാറ്റി. 2016 ൽ പ്രതികൾക്ക് കുഞ്ഞു പിറന്നതോടെ ഇവരുടെ മട്ടുമാറി. പെൺകുട്ടിയെ ഉപദ്രവിക്കാനും ചീത്ത പറയാനും ആരംഭിച്ചു.കുഞ്ഞിനെ നോക്കാനായി പെൺകുട്ടിയെ തിരിച്ചെത്തിച്ചു രണ്ടുകുട്ടികളെ നോക്കാനുള്ള വരുമാനം ഇല്ലാതായതോടെ പെൺകുട്ടിയെ ഇവർ ജോലിക്കയച്ചു. പെൺകുട്ടിയെ ആരും തിരിച്ചറിയില്ലെന്ന വിശ്വാസത്തിലായിരുന്നു അത്. ഓരാളോടും മിണ്ടരുതെന്ന കർശന നിർദ്ദേശം നൽകിയിരുന്നു.

 പെൺകുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ ഭോ‌സ്‌ലെ അവസാനിപ്പിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്‌ചയും അദ്ദേഹം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. പെൺകുട്ടിയെ കണ്ടെത്തുമെന്ന് ആശ്വസിപ്പിക്കുകയും ചെയ്‌തു. 

ഇതിനിടെ പലതവണ ഡിസൂസയുടെ കുടുംബം വീട് മാറി, ഒടുവിൽ കറങ്ങിത്തിരിഞ്ഞ് അന്ധേരിയിലെ ഗില്‍ബര്‍ട്ട് ഹില്‍ മേഖലയിൽ പെൺകുട്ടിയുടെ വീടിന് വെറും  500 മീറ്റർ മാത്രം അകലെയുള്ള വീട്ടിൽ താമസമാക്കി. തൊട്ടടുത്ത് പെൺകുട്ടി ഉണ്ടായിരുന്നിട്ടും കുടുംബം ഈ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞതിനാൽ പെൺകുട്ടിയെ ആരും തിരിച്ചറിയില്ലെന്ന് ഡിസൂസ വിചാരിച്ചു.  കുട്ടിയെ കണ്ടെത്താനായുള്ള പ്രചാരണങ്ങളെല്ലാം കെട്ടടങ്ങിയിരുന്നു. തെരുവുകളിൽനിന്ന് പെൺകുട്ടിയുടെ പോസ്റ്ററുകളും അപ്രത്യക്ഷമായി. പെൺകുട്ടി ജോലിയെടുക്കുന്ന വീട്ടിലെ ജോലിക്കാരിയായ പർമില ദേവേന്ദ്രയുടെ ഇടപെടലാണ് കേസിൽ നിർണായകമായത്. അവർ പെൺകുട്ടിയിൽനിന്ന് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. 

കുട്ടി തന്റെ കഥ വെളിപ്പെടുത്തിയതോടെ സ്ത്രീ ഗൂഗിളിൽ 2013 ൽ കാണാതായ പെൺകുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞു. അവർക്ക് കുട്ടിയെ കാണാതായപ്പോൾ പ്രസിദ്ധീകരിച്ച പോസ്റ്ററും മറ്റും ലഭിച്ചു. തന്‍റെ പഴയ ചിത്രം ഓൺലൈനിൽ കണ്ടതോടെ പലകാര്യങ്ങളും പെൺകുട്ടിക്കും ഓർത്തെടുക്കാൻ കഴിഞ്ഞു. പോസ്റ്ററുകളില്‍ കണ്ട ഫോണ്‍ നമ്പറുകളിലേക്ക് വിളിച്ചു നോക്കാനായി പെൺകുട്ടിയുടെയും പർമിലയുടെയും ശ്രമം. പോസ്റ്ററിൽ നൽകിയിരുന്ന അഞ്ച് നമ്പറുകളിൽ ഒന്ന് മാത്രമാണ് ഉപയോഗത്തിൽ ഉണ്ടായിരുന്നത്.

ഇതിനകം പെൺകുട്ടിയുടെ പിതാവ് മരിച്ചിരുന്നു. പെൺകുട്ടിയുടെ അയൽവാസിയായ റഫീഖ് എന്നയാളുടേതായിരുന്നു ഈ ഫോൺ നമ്പർ. ആദ്യം പെൺകുട്ടിയുടെയും പർമിലയുടെയും വിവരണം റഫീഖിന് വിശ്വാസയോഗ്യമായി തോന്നിയില്ല. പെൺകുട്ടിയുടെ ഫോട്ടോ അയച്ചു തരാൻ റഫീഖ് ആവശ്യപ്പെട്ടു. ഇരുവരും വിഡിയോ കോൾ നടത്തിയതോടെ, കാണാതായ മകളാണ് സംസാരിക്കുന്നതെന്നു കുടുംബം തിരിച്ചറിഞ്ഞു. കുട്ടിക്കായി നിരന്തരം തിരഞ്ഞിരുന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ ഭോസ്സെയെയും വിവരമറിയിച്ചു.

വ്യാഴാഴ്‍ച രാത്രി 8.20ന് ജോലിചെയ്യുന്ന വീടിനു പുറത്തിറങ്ങി വന്ന പെൺകുട്ടിയെ 9 വർഷത്തിനു ശേഷം ആദ്യമായി പെൺകുട്ടിയുടെ കുടുംബം കണ്ടു. 9 വർഷമായി താൻ തേടുന്ന പെൺകുട്ടിയെ കണ്ടെത്തിയതിൽ രാജേന്ദ്ര ഭോ‌സ്‍ലെയ്ക്കും സന്തോഷം അടക്കാൻ കഴിഞ്ഞില്ല. വർഷങ്ങളായി താൻ അന്വേഷിച്ചിരുന്ന പെൺകുട്ടിയെ കണ്ടെത്തിയ ചാരിതാർത്ഥ്യത്തിലാണ് ഭോസ്സെയിപ്പോൾ.