ഖര്‍ഗെയുടെ ജന്മദിനാഘോഷത്തിനെന്ന പേരില്‍ എംപിമാരെ വിളിച്ചു ; പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് തീരുമാനം രാഹുല്‍ എംപിമാരെ അറിയിച്ചത് അവസാന നിമിഷം

പ്രതിഷേധ മാര്‍ച്ച് ആരംഭിച്ച് ഒരുമണിക്കൂര്‍ പിന്നിട്ടതോടെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥലത്തെത്തി രാഹുല്‍ ഗാന്ധിയെ കണ്ടു. എന്നാല്‍ സമവായത്തിലെത്താനോ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല

 

വൈകുന്നേരം 3.15 ഓടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എംപിമാര്‍ മാര്‍ച്ച് ആരംഭിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനുളള തീരുമാനം കോണ്‍ഗ്രസ് എംപിമാരെ അറിയിച്ചത് അവസാന നിമിഷമാണ് എന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ജന്മദിനാഘോഷത്തിനായാണ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.

ഇന്നലെ രാവിലെ നടന്ന ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി സ്പീക്കര്‍ ഓം ബിര്‍ലയെ കണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ചയും സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരായ ഡല്‍ഹി പൊലീസിന്റെ നടപടിയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഉച്ചയോടെ ലോക്സഭാ നടപടികള്‍ രണ്ടാംതവണയും നിര്‍ത്തിവെച്ചതിന് പിന്നാലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ രാഹുല്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. രണ്ടുമണിയോടെ ലോക്സഭയിലെയും രാജ്യസഭയിലെയും നടപടികള്‍ അന്നത്തേക്ക് നിര്‍ത്തിവെച്ചതോടെ 10, രാജാജി മാര്‍ഗിലുളള ഖര്‍ഗെയുടെ വസതിയിലേക്ക് എത്താന്‍ കോണ്‍ഗ്രസ് എംപിമാരോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. ഖര്‍ഗെയുടെ പിറന്നാളാഘോഷത്തിനാണ് തങ്ങളെ ക്ഷണിച്ചതെന്നാണ് എംപിമാര്‍ ആദ്യം കരുതിയത്. അമ്പതോളം എംപിമാര്‍ എത്തിച്ചേര്‍ന്നതിന് ശേഷമാണ് രാഹുല്‍ പ്രതിഷേധത്തിന്റെ കാര്യം പറഞ്ഞത്. വൈകുന്നേരം 3.15 ഓടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എംപിമാര്‍ മാര്‍ച്ച് ആരംഭിച്ചു.

പ്രതിഷേധ മാര്‍ച്ച് ആരംഭിച്ച് ഒരുമണിക്കൂര്‍ പിന്നിട്ടതോടെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥലത്തെത്തി രാഹുല്‍ ഗാന്ധിയെ കണ്ടു. എന്നാല്‍ സമവായത്തിലെത്താനോ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല. ഇതോടെ കൂടുതല്‍ സുരക്ഷാ സേന ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചു. വൈകുന്നേരം ആറരയോടെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും പ്രതിഷേധ സ്ഥലത്തെത്തി. പിന്നാലെ പൊലീസ് പ്രതിഷേധം ഒഴിപ്പിക്കാനുളള നടപടികളാരംഭിച്ചു. രാത്രി ഏഴുമണിയോടെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളെയെല്ലാം പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. രാഹുല്‍ ഗാന്ധിയെ ഛത്രസല്‍ സ്റ്റേഡിയത്തിലേക്കാണ് കൊണ്ടുപോയത്. പ്രിയങ്കാ ഗാന്ധിയെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കും. രാത്രി ഒന്‍പതുമണിയോടെ രാഹുലും പ്രിയങ്കയുമുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെ പുറത്തുവിടുകയായിരുന്നു.