'പാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് മകളെ തള്ളിയിട്ട് അമ്മ',തലയ്‌ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ രണ്ടാംക്ലാസുകാരി വെന്റിലേറ്ററില്‍

മദ്ധ്യപ്രദേശിലെ നർമ്മദാപുരം റെയില്‍വേ സ്റ്റേഷനില്‍  ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് എട്ടുവയസുകാരിയെ കൊല്ലാൻ അമ്മയുടെ ശ്രമം. തലയ്‌ക്കും അരയ്‌ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ രണ്ടാംക്ലാസുകാരി വെന്റിലേറ്ററില്‍ തുടരുകയാണ്

 

അമ്മയോടൊപ്പമാണ് എട്ടുവയസുകാരി റെയില്‍വേ സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടിയുടെ അമ്മ സർക്കാർ ജീവനക്കാരിയാണ്

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ നർമ്മദാപുരം റെയില്‍വേ സ്റ്റേഷനില്‍  ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് എട്ടുവയസുകാരിയെ കൊല്ലാൻ അമ്മയുടെ ശ്രമം. തലയ്‌ക്കും അരയ്‌ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ രണ്ടാംക്ലാസുകാരി വെന്റിലേറ്ററില്‍ തുടരുകയാണ്.കുറച്ചുവർഷങ്ങളായി ഇവർ മാനസികവെല്ലുവിളിയുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നെന്നാണ് വിവരം.

അമ്മയോടൊപ്പമാണ് എട്ടുവയസുകാരി റെയില്‍വേ സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടിയുടെ അമ്മ സർക്കാർ ജീവനക്കാരിയാണ് . ഭർത്താവിന്റെ മരണശേഷം ആശ്രിതനിയമനമായാണ് ഇവർക്ക് സർക്കാർ ജോലി ലഭിച്ചത്.

മലഖേഡി പ്രദേശത്ത് മകള്‍ക്കൊപ്പം ഇവർ ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്. സംഭവത്തിന് മുമ്പ് അമ്മയും മകളും ഏകദേശം മൂന്ന് മണിക്കൂറോളം പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നെന്ന് സ്‌റ്റേഷൻ ജീവനക്കാർ പറയുന്നു. രാത്രി 7.40 ഓടെ തമിഴ്‌നാട് എക്‌സ്‌പ്രസ് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്കെത്തിയപ്പോള്‍ പെട്ടെന്നിവർ പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. എഞ്ചിനില്‍ തട്ടിവീണ പെണ്‍കുട്ടി പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയില്‍ കുടുങ്ങി. ട്രെയിൻ കടന്നുപോകുന്നതുവരെ പെണ്‍കുട്ടി കുടുങ്ങിക്കിടന്നു.

റെയില്‍ജീവനക്കാരും യാത്രക്കാരും ചേർന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. അതിനകം തന്നെ എട്ടുവയസുകാരിയുടെ ശരീരത്തില്‍ നിന്നും വലിയ രീതിയില്‍ രക്തം വാർന്നുപോയിരുന്നു. ആദ്യം ജില്ലാ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളായതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നിടത്തേക്ക് മാറ്റി.