20 രൂപ ചോദിച്ചപ്പോൾ കൊടുത്തില്ല ; അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി മകൻ  

20 രൂപ നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ മകൻ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. നൂഹ് ജില്ലയിലെ ജയ്സിങ്പൂരിലാണ് സംഭവം.

 

ഗുരുഗ്രാം : 20 രൂപ നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ മകൻ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. നൂഹ് ജില്ലയിലെ ജയ്സിങ്പൂരിലാണ് സംഭവം. റജിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റജിയയുടെ മകൻ ജംഷദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണത്തിൽ ജംഷദ് മയക്കുമരുന്നിന് അടിമയാണെന്നും വളരെക്കാലമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി.

ലഹരിക്ക് അടിമയായ ജംഷദ് ശനിയാഴ്ച അമ്മയോട് 20 രൂപ ചോദിച്ചു. പക്ഷേ അവർ പണം നൽകാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ അയാൾ അമ്മയെ കോടാലി കൊണ്ട് വെട്ടി. റജിയയുടെ നിലവിളി കേട്ട് മറ്റ് കുടുംബാംഗങ്ങൾ ഉണരുകയും ഇവരുടെ മരുമകൾ റസിയയെ രക്ഷിക്കാനെത്തുകയും ചെയ്തു. ഇവരെയും ജംഷദ് ആക്രമിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ അമ്മ മരിച്ചു. കൊലക്ക് ശേഷം ജംഷദ് മൃതദേഹത്തിനരികിൽ തന്നെ കിടന്ന് ഉറങ്ങി.

തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായി പൊലീസ് അറിയിച്ചു.റജിയയുടെ ഭർത്താവ് മുബാറക് നാല് മാസം മുമ്പാണ് മരണപ്പെട്ടത്.