യുപിയില്‍ നാലു മക്കളെ കൊലപ്പെടുത്തി അമ്മ ; ഒളിവില്‍ പോയ യുവതിയ്ക്കായി അന്വേഷണം

എന്താണ് കുട്ടികളെ കൊല്ലാന്‍ കാരണമെന്നതില്‍ പൊലീസിനോ ബന്ധുക്കള്‍ക്കോ ഇതുവരെ വ്യക്തതയില്ല. 

 

ഗാസിയ കാട്ടൂണെന്ന 35കാരിയാണ് 4 മക്കളെ കൊലപ്പെടുത്തിയത്.

ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ നാല് മക്കളെ അമ്മ കൊലപ്പെടുത്തി. പിന്നാലെ ഒളിവില്‍ പോയ 35കാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്താണ് കുട്ടികളെ കൊല്ലാന്‍ കാരണമെന്നതില്‍ പൊലീസിനോ ബന്ധുക്കള്‍ക്കോ ഇതുവരെ വ്യക്തതയില്ല. 

ഗാസിയ കാട്ടൂണെന്ന 35കാരിയാണ് 4 മക്കളെ കൊലപ്പെടുത്തിയത്. 14കാരന്‍ സഫിഖ്, 12 വയസുള്ള സൗദ്, 10 വയസുകാരന്‍ ഉമര്‍, 8 വയസുള്ള ഇളയ കുട്ടി സാദിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് 3 മണിയോടെ വിവരമറിഞ്ഞ് പൊലീസ് ഗാസിയയുടെ വീട്ടിലെത്തി. കൊലപാതകത്തിന് തൊട്ടുപിന്നാലെ ഗാസിയ കടന്ന് കളഞ്ഞിരുന്നു. 

സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ഗാസിയയുടെ ഭര്‍ത്താവിനെ കുറച്ചുനാളായി കാണാനില്ലായിരുന്നു. എവിടെയാണ് എന്ന് ഏറെ അന്വേഷിച്ചിട്ടും കണ്ടെത്താനായതുമില്ല. ഇതിന്റെ മനോവിഷമത്തിലാണോ ഗാസിയ മക്കളെ കൊന്നതെന്ന് പൊലീസ് സംശയിക്കുന്നു. അയല്‍വാസികളുമായി അതിര്‍ത്തി തര്‍ക്കവും ഉണ്ടായിരുന്നു. ഗാസിയക്കായി യുപി പൊലീസ് തെരച്ചില്‍ തുടരുകയാണ്.