വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച മൂവായിരത്തിലധികം സ്‌കൂള്‍ അധ്യാപകരെ പിരിച്ചുവിടും ; ക്രിമിനല്‍ കേസെടുക്കുന്നതിനൊപ്പം പലിശയടക്കം ശമ്പളം ഈടാക്കാനും സര്‍ക്കാര്‍

വിജിലന്‍സിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ഇതിനകം തന്നെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

സര്‍വീസിലിരുന്ന കാലയളവില്‍ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പലിശ സഹിതം ഈടാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച മൂവായിരത്തിലധികം സ്‌കൂള്‍ അധ്യാപകരെ പിരിച്ചുവിടാന്‍ തീരുമാനം. വിജിലന്‍സ് ബ്യൂറോ നടത്തിയ വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിഹാര്‍ സര്‍ക്കാരിന്റെ നടപടി. ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരിയാണ് ഇക്കാര്യം അറിയിച്ചത്. 2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ചെന്ന് കണ്ടെത്തിയ അധ്യാപകരെയാണ് പിരിച്ചുവിടുന്നത്.

അധ്യാപകരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിന് പുറമെ, ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും സര്‍വീസിലിരുന്ന കാലയളവില്‍ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പലിശ സഹിതം ഈടാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വിജിലന്‍സിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ഇതിനകം തന്നെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് വലിയ രീതിയിലുള്ള ക്രമക്കേടുകളാണ് നിയമനങ്ങളില്‍ നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

അതേസമയം ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ ചില അധ്യാപകര്‍ വകുപ്പുതല അച്ചടക്ക നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ രാജിവെച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ രാജി സമര്‍പ്പിച്ചവരെയും നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അവരില്‍ നിന്നും ശമ്പളത്തുക തിരിച്ചുപിടിക്കുന്നത് അടക്കമുള്ള ശക്തമായ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.