നൂറിലേറെ സ്ത്രീകളെ ലൈംഗീകമായി ദുരുപയോഗം ചെയ്ത വിഐപി ജ്യോത്സനെ കുറിച്ച് കൂടുതല്‍ പരാതികളുയരുന്നു ; ചോദ്യം ചെയ്യലിന് ഹാജരാകാതെ മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷ

പ്രതിയുടെ ഓഫീസിനുള്ളില്‍ രഹസ്യ ക്യാമറ സ്ഥാപിച്ചിരുന്നു.

 

യുവതിയുടെ പരാതിയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 

മഹാരാഷ്ട്രയില്‍ ലൈംഗിക പീഡന കേസില്‍ നാസിക് സ്വദേശി അശോക് ഖരാത്ത് എന്ന 67കാരനെ കഴിഞ്ഞ 19നാണ് അറസ്റ്റ് ചെയ്തത്. ഹിപ്നോട്ടിസമെന്ന് പറഞ്ഞ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന 35കാരിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. വിഐപി ജ്യോത്സ്യന്‍ എന്നറിയപ്പെട്ടിരുന്ന ഖരാത്ത് ക്യാപ്റ്റന്‍ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. യുവതിയുടെ പരാതിയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 

പ്രതിയുടെ ഓഫീസിനുള്ളില്‍ രഹസ്യ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്ന് ഇയാളെ കാണാനെത്തുന്ന സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വിഡിയോകള്‍ പൊലീസിന് കിട്ടി. അറസ്റ്റിന് പിന്നാലെ ഇയാളുമായി ബന്ധമുള്ള ഉന്നത രാഷ്ട്രീയനേതാക്കളുടെ പേരുകളും പുറത്ത് വന്നു. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്ഐടിയുടെ അന്വേഷണത്തിലാണ് 150ലേറെ സ്ത്രീകളെ ചൂഷണം ചെയ്തതായി കണ്ടെത്തിയത്. ഖരാത്തിന്റെ ഓഫീസ് പൂട്ടി സീല്‍ ചെയ്തു. മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. 

ഇതിനിടെ എന്‍സിപി അജിത്പവാര്‍ വിഭാഗം നേതാവും സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയുമായിരുന്ന രൂപാലി ചകങ്കര്‍, മുന്‍മന്ത്രിയും ശിവസേന നേതാവുമായ ദീപക് കെസാര്‍ക്കര്‍ എന്നിവര്‍ക്ക് ഖരാത്തുമായുള്ള ബന്ധം പുറത്ത് വന്നു. പിന്നാലെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനവും പാര്‍ട്ടിയിലെ സ്ഥാനങ്ങളും രൂപാലി രാജിവച്ചു. എന്നാല്‍ ഇവരെ ചോദ്യം ചെയ്യാന്‍ നോട്ടീസ് എസ്ഐടി നല്‍കിയെങ്കിലും ഇവര്‍ ഹാജരായില്ല. അശോക് ഖരാത്തിന്റെ ട്രസ്റ്റില്‍ ഇവരും അംഗമാണ്. നിലവില്‍ ഏഴ് പീഡനകേസും രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുമാണ് അശോക ഖരാത്തിനെതിരെ എടുത്തിരിക്കുന്നത്. പുതിയ പരാതികള്‍ ദിവസവും വരുന്നുവെന്ന് പൊലീസ് പറയുന്നു.