സദാചാര പൊലീസിംഗ് മര്യാദയോടും മാന്യമായും വേണം, പീഡനത്തെ അപലപിക്കുന്നതിനിടെ വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി
സദാചാര പൊലീസിംഗ് മര്യാദയോടും മാന്യമായും വേണം, പീഡനത്തെ അപലപിക്കുന്നതിനിടെ വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അക്രമി സംഘത്തിലെ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. പീഡനത്തേക്കുറിച്ച് പെണ്‍കുട്ടിയും സുഹൃത്തും പരാതി നല്‍കിയിരുന്നില്ല.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും സുഹൃത്തിനേയും റോഡരികില്‍ വച്ച് ഒരു സംഘം ആക്രമിച്ച വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വനിതാ മന്ത്രിയുടെ വിവാദ പരാമര്‍ശം.
സദാചാര പൊലീസിംഗ് കുറച്ചുകൂടി മര്യാദയോടും മാന്യമായും ചെയ്യാമായിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും മുന്‍ ഷൂട്ടിംഗ് താരവും ബിഹാര്‍ മന്ത്രിയുമായ ശ്രേയസി സിംഗ്. തിങ്കളാഴ്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും സുഹൃത്തിനേയും റോഡരികില്‍ വച്ച് ഒരു സംഘം ആക്രമിച്ച വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വനിതാ മന്ത്രിയുടെ വിവാദ പരാമര്‍ശം. വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് വിദ്യാര്‍ത്ഥിനിയും സുഹൃത്തിനേയും ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തുകയും പീഡിപ്പിച്ചത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അക്രമി സംഘത്തിലെ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. പീഡനത്തേക്കുറിച്ച് പെണ്‍കുട്ടിയും സുഹൃത്തും പരാതി നല്‍കിയിരുന്നില്ല.
അക്രമ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പൊലീസ് കേസ് എടുത്തത്. സംഭവം വലിയ വിവാദമായിരിക്കെയാണ് വനിതാ മന്ത്രിയില്‍ നിന്നുള്ള വിവാദ പരാമര്‍ശം എത്തിയിട്ടുള്ളത്. ബീഹാറിലെ ജമുയി ജില്ലയിലെ അതിക്രമത്തെ അപലപിക്കുന്നതിനിടയിലായിരുന്നു ശ്രേയസി സിംഗ് ഇത്തരത്തിലുള്ള ഒരു പരാമര്‍ശം നടത്തിയത്. പെണ്‍കുട്ടിയോടും ആണ്‍കുട്ടിയോടും നാട്ടുകാര്‍ പെരുമാറിയ രീതിയും അവരെ കൈകാര്യം ചെയ്ത വിധവും അങ്ങേയറ്റം അസഹനീയമാണെന്ന് വിശേഷിപ്പിച്ച മന്ത്രി, എന്നാല്‍ സദാചാര പൊലീസിംഗ് കുറച്ചുകൂടി ഭംഗിയുള്ളതും മാന്യവുമായ രീതിയില്‍ ചെയ്യാമായിരുന്നു എന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. മറ്റുള്ളവര്‍ എങ്ങനെ ജീവിക്കണമെന്നും എന്തൊക്കെ ചെയ്യണമെന്നും ഉള്ളതിനെക്കുറിച്ച് ഓരോരുത്തര്‍ക്കും വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നും, എന്നാല്‍ അത് പ്രകടിപ്പിക്കാന്‍ കുറച്ചുകൂടി നല്ല രീതികള്‍ ഉണ്ടെന്നുമാണ് മന്ത്രി പ്രതികരിച്ചത്.
തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലെ കുട്ടികളോട് നാട്ടുകാര്‍ക്ക് എങ്ങനെയാണ് ഇത്രയും ദാക്ഷിണ്യമില്ലാതെ പെരുമാറാന്‍ കഴിയുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, ഇത്തരമൊരു സംഭവം തികച്ചും ഞെട്ടിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇരകളായ കുട്ടികള്‍ തങ്ങളുടെ നാട്ടുകാരാണെന്ന് അറിഞ്ഞിട്ടും ഇത്രയും മോശമായി പെരുമാറിയ നാട്ടുകാരുടെ പ്രവര്‍ത്തിയെ തനിക്ക് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ മന്ത്രി, കേസില്‍ കുറ്റക്കാരായവര്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുമെന്നും വിശദമാക്കി. എന്നാല്‍, അതിക്രമത്തെ അപലപിക്കുന്നതിനിടയിലും സദാചാര പൊലീസിംഗിനെ ഒരു പരിധി വരെ ന്യായീകരിക്കുന്ന രീതിയില്‍ സംസാരിച്ചത് മന്ത്രിക്കെതിരെ വലിയ വിമര്‍ശനം ഉയരാന്‍ കാരണമായിട്ടുണ്ട്.