കുരങ്ങുകൾ കൂട്ടമായി ആക്രമിച്ചു, സ്വന്തം കൃഷിയിടത്തിൽ 65-കാരിക്ക് ദാരുണാന്ത്യം
കാക്കിനാഡ: ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിൽ കുരങ്ങുകളുടെ ആക്രമണത്തെത്തുടർന്ന് 65വയസ്സുകാരിക്ക് ദാരുണാന്ത്യം. കുടുംബത്തിന്റെ കൃഷിയിടത്തിൽ നിന്ന് മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
വീടിനടുത്തുള്ള മൂന്നേക്കർ കൃഷിയിടത്തിൽ പോയി തിരികെ വീട്ടിലേക്ക് വരികയായിരുന്നു വയോധിക. ഈ സമയത്ത് ഒരു കൂട്ടം കുരങ്ങുകൾ ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കുരങ്ങുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർ വഴുതി വീഴുകയും, തുടർന്ന് കുരങ്ങുകൾ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണത്തിന് കീഴടങ്ങി. മകളുടെ കുടുംബത്തോടൊപ്പം കൃഷിയിടത്തിന് സമീപമുള്ള വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കൃഷിയിടത്തിൽ പതിവ് പോലെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു.
കാക്കിനാഡയിലെ കർഷകർ ദീർഘകാലമായി കുരങ്ങ് ശല്യം നേരിടുന്നു. ഇവയുടെ ശല്യം കാരണം പ്രദേശവാസികൾ ഭയത്തോടുകൂടിയാണ് കഴിയുന്നത്. കൃഷി നശിപ്പിക്കൽ പതിവ് സംഭവമാണ്. ആദ്യമായാണ് കൂട്ടമായ ആക്രമണവും മരണവും സംഭവിക്കുന്നത്.