രാജ്യത്ത് മൺസൂൺ ശക്തം; വിവിധ സംസ്ഥാനങ്ങളിലായി 11 മരണം 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ ശക്തമായി. വിവിധ സംസ്ഥാനങ്ങളിലായി വ്യാഴാഴ്ച 11 മരണം റിപ്പോർട്ട് ചെയ്തു. ഡൽഹിയിലും യു.പിയുടെ ചില ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ട് തുടരുകയാണ്. ഹിമാചൽ പ്രദേശിലും അരുണാചൽപ്രദേശിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി.

 

 ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ ശക്തമായി. വിവിധ സംസ്ഥാനങ്ങളിലായി വ്യാഴാഴ്ച 11 മരണം റിപ്പോർട്ട് ചെയ്തു. ഡൽഹിയിലും യു.പിയുടെ ചില ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ട് തുടരുകയാണ്. ഹിമാചൽ പ്രദേശിലും അരുണാചൽപ്രദേശിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി.

ഡൽഹിയിൽ മാത്രം വ്യാഴാഴ്ച നഗരത്തിൽ ഉണ്ടായ കനത്ത മഴയിൽ കുറഞ്ഞത് നാല് പേർ മരിച്ചു; മൂന്നും ഏഴും വയസ്സുള്ള രണ്ടു കുട്ടികളും ഇതിൽ ഉൾപ്പെടും. ജോലി ചെയ്യുന്ന ഓഫീസിന് സമീപമുള്ള ഒരു പാർക്ക് കടക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 24 വയസ്സുകാരൻ മരിച്ചു.

കനത്ത മഴയെത്തുടർന്ന് ഗാസിയാബാദിലെ എല്ലാ സ്കൂളുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.യു.പിയിൽ ഏഴ് മരണം റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ യു.പിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ അളകനന്ദ, മന്ദാകിനി നദികളിലെ ജലനിരപ്പ് ഉയർന്നു. 185 ലധികം റോഡുകൾ തടസ്സപ്പെട്ടു, വ്യാപകമായ മണ്ണിടിച്ചിലിന് കാരണമായി, നിരവധി മേഖലകളിലായി ചാർധാം യാത്രാ തീർത്ഥാടനം തടസ്സപ്പെട്ടു.

കനത്ത മഴയിൽ ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ 100 അടി ഉയരമുള്ള ഇരുമ്പ് പാലം മുങ്ങി. ചില ഗ്രാമങ്ങൾ പൂർണമായും ഒറ്റപ്പെട്ടു.തെക്കൻ മിസോറാം പട്ടണങ്ങളായ സിയാഹ, ലോങ്‌ട്‌ലായ് എന്നിവിടങ്ങളിലേക്ക് പോകുകയായിരുന്ന 300 ലധികം യാത്രക്കാർ രണ്ട് വലിയ മണ്ണിടിച്ചിലിനെ തുടർന്ന് ബുവാൾട്ടെ ഗ്രാമത്തിൽ കുടുങ്ങി. ദേശീയപാത 54ലാണ് മണ്ണിടിച്ചിൽ. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, അസം, മേഘാലയ, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.