കള്ളപ്പണം വെളുപ്പിക്കല്‍; കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനെ 6 മണിക്കൂര്‍ ചോദ്യം ചെയ്തു

'സഹോദരനുമായി ചേര്‍ന്ന് യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയ ചില പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇഡി തേടി. ഇതൊരു ചാരിറ്റബിള്‍ ട്രസ്റ്റായതിനാല്‍ പണം നല്‍കിയതായി ഞാന്‍ ഓര്‍ക്കുന്നു, പക്ഷേ വിശദാംശങ്ങള്‍ ഓര്‍മ്മയില്ല.' ഡി.കെ ശിവകുമാര്‍ പറഞ്ഞു
 

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആറ് മണിക്കൂറോളം ചോദ്യം ചെയ്തു. നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന് താനും സഹോദരനും നല്‍കിയ പണമിടപാടുകളെ കുറിച്ച് ഏജന്‍സി ചോദിച്ചതായി അദ്ദേഹം പറഞ്ഞു.
'സഹോദരനുമായി ചേര്‍ന്ന് യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയ ചില പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇഡി തേടി. ഇതൊരു ചാരിറ്റബിള്‍ ട്രസ്റ്റായതിനാല്‍ പണം നല്‍കിയതായി ഞാന്‍ ഓര്‍ക്കുന്നു, പക്ഷേ വിശദാംശങ്ങള്‍ ഓര്‍മ്മയില്ല.' ഡി.കെ ശിവകുമാര്‍ പറഞ്ഞു. സെന്‍ട്രല്‍ ഡല്‍ഹിയിലെ എപിജെ അബ്ദുള്‍ കലാം റോഡിലുള്ള ഫെഡറല്‍ ഏജന്‍സിയുടെ ഓഫീസില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് ശിവകുമാര്‍ ഹാജരായത്. ആറുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അദ്ദേഹം ഇറങ്ങിയത്.

ഒരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്നെ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും, എന്നാല്‍ സിബിഐ ആദ്യം അന്വേഷിച്ച അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ എന്താണെന്ന് തനിക്കറിയില്ലെന്നും ഇഡി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.