മോഹന്‍ ചരണ്‍ മാജി ഒഡീഷ മുഖ്യമന്ത്രി ; സത്യപ്രതിജ്ഞ ബുധനാഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
 

മോഹന്‍ ചരണ്‍ മാജി ഒഡീഷ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അപ്രതീക്ഷിത മുഖത്തെയാണ് ബിജെപി അവതരിപ്പിച്ചത് .ഭുവനേശ്വറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. നാലു തവണ എംഎല്‍എയായിരുന്ന മോഹന്‍ ചരണ്‍ മാജിയെ മുഖ്യമന്ത്രിയായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ് പ്രഖ്യാപിച്ചത്. ബുധനാഴ്ച മോഹന്‍ ചരണ്‍ മാജി സത്യപ്രതിജ്ഞ ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. സംസ്ഥാനത്തുനിന്നുള്ള ധര്‍മേന്ദ്ര പ്രധാനും ജുവല്‍ ഓറമും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് മോഹന്‍ ചരണ്‍ മാജി മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത്.കെ വി സിങ് ഡിയോ, പ്രവതി പരീദ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും. കിയോന്‍ജര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് 11,577 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാജി വിജയിച്ചത്. 24 വര്‍ഷത്തെ നവീന്‍ പട്‌നായിക്കിന്റെ ഭരണം അവസാനിപ്പിച്ചാണ് ഒഡീഷയില്‍ ബിജെപി ഭരണം പിടിച്ചെടുത്തത്.