അമേരിക്കയ്ക്ക് മുന്നില്‍ മിണ്ടാതിരുന്ന മോദി എല്ലായിടത്തും സിന്ദൂരം വില്‍ക്കുകയാണ് ; മമത ബാനര്‍ജി

മമത ബാനര്‍ജി സര്‍ക്കാര്‍ കേന്ദ്രപദ്ധതികള്‍ നടപ്പാക്കാന്‍ പാവപ്പെട്ടവരില്‍നിന്നും കമ്മീഷന്‍ വാങ്ങുന്നുവെന്ന് മോദി ഇന്നലെ അലിപുര്‍ദ്വാറില്‍ നടത്തിയ റാലിയില്‍ പറഞ്ഞിരുന്നു

 

ഓപ്പറേഷന്‍ സിന്ദൂറിനെ പുകഴ്ത്തിക്കൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലെ പരിപാടികളിലാണ് മോദി കഴിഞ്ഞ ദിവസങ്ങളില്‍ പ്രസംഗിച്ചത്.

ഓപ്പറേഷന്‍ സിന്ദൂര്‍ നരേന്ദ്രമോദി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷം. അമേരിക്കയ്ക്ക് മുന്നില്‍ മിണ്ടാതിരിക്കുന്ന മോദി എല്ലായിടത്തും സിന്ദൂരം വില്‍ക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പരിഹസിച്ചു.


ഓപ്പറേഷന്‍ സിന്ദൂറിനെ പുകഴ്ത്തിക്കൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലെ പരിപാടികളിലാണ് മോദി കഴിഞ്ഞ ദിവസങ്ങളില്‍ പ്രസംഗിച്ചത്. ഓരോ പ്രസംഗത്തിലും പാകിസ്ഥാനെതിരായ നടപടിയിലൂടെ വാക്ക് പാലിച്ചെന്നവകാശപ്പെട്ട മോദി, പ്രതിപക്ഷ നേതാക്കളെയും മുന്‍ സര്‍ക്കാറുകളെയും രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്.


മമത ബാനര്‍ജി സര്‍ക്കാര്‍ കേന്ദ്രപദ്ധതികള്‍ നടപ്പാക്കാന്‍ പാവപ്പെട്ടവരില്‍നിന്നും കമ്മീഷന്‍ വാങ്ങുന്നുവെന്ന് മോദി ഇന്നലെ അലിപുര്‍ദ്വാറില്‍ നടത്തിയ റാലിയില്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് മമതയുടെ പരിഹാസം. പ്രധാനമന്ത്രിയായിട്ടല്ല കേവലം ബിജെപി അധ്യക്ഷനായിട്ടാണ് മോദി സംസാരിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി. ബിജെപി നേതാക്കള്‍ ഇപ്പോള്‍ എല്ലായിടത്തും നടന്ന് സിന്ദൂരം വില്‍ക്കുകയാണ്. മോദിക്ക് ധൈര്യമുണ്ടെങ്കില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്താനും മമത വെല്ലുവിളിച്ചു.