'മോദി എന്റെ നല്ല സുഹൃത്ത്, ഇന്ത്യയുമായി വ്യാപാരക്കരാർ ഉടൻ യാഥാർത്ഥ്യമാകും' ; ഡോണൾഡ് ട്രംപ് 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നും ട്രംപ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥയിൽ നിന്ന് ഇന്ത്യ നേട്ടമുണ്ടാക്കുകയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
 

 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നും ട്രംപ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥയിൽ നിന്ന് ഇന്ത്യ നേട്ടമുണ്ടാക്കുകയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

"എനിക്ക് നിങ്ങളുടെ പ്രധാനമന്ത്രിയെ വലിയ ഇഷ്ടമാണ്. അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണ്. ഞങ്ങൾ തമ്മിൽ മികച്ച സൗഹൃദമാണുള്ളത്. വർഷങ്ങളായി ഇന്ത്യ അമേരിക്കയെ ചൂഷണം ചെയ്യുകയായിരുന്നു. അവർ നമുക്ക് വലിയ തോതിൽ നികുതി ചുമത്തുകയും തിരിച്ച് ഒന്നും നൽകാതിരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ നമ്മൾ വലിയ ലാഭമുണ്ടാക്കുന്നുണ്ട്. എങ്കിലും ഉടൻ തന്നെ നമ്മൾ ഒരു കരാറിലെത്തും.’’ ട്രംപ് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിനും നിലനിൽക്കുന്ന വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള തീവ്രശ്രമങ്ങൾക്കിടയിലാണ് ട്രംപിന്റെ ഈ പ്രസ്താവന. വ്യാപാരക്കരാറിന്റെ ഭാഗമായി ജൂൺ 1 മുതൽ 4 വരെ നാല് ദിവസം നീണ്ടുനിന്ന ഇന്ത്യ-യു.എസ് ഉദ്യോഗസ്ഥതല ചർച്ചകൾ ന്യൂഡൽഹിയിൽ സമാപിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്റേറ്റീവ് ചീഫ് നെഗോഷ്യേറ്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യൻ പ്രതിനിധികളുമായി ചർച്ച നടത്തിയത്.