തമിഴ്നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ വിലക്ക്
തമിഴ്നാട്ടിലെ ഹിന്ദു മത-ധാർമിക എൻഡോവ്മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 52 പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിൽ നിയന്ത്രണം ഇന്നലെ മുതൽ പ്രാബല്യത്തിൽ.
ചെന്നൈ: തമിഴ്നാട്ടിലെ ഹിന്ദു മത-ധാർമിക എൻഡോവ്മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 52 പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിൽ നിയന്ത്രണം ഇന്നലെ മുതൽ പ്രാബല്യത്തിൽ.
ദർശനത്തിനെത്തുന്നവരുടെ ഫോണുകൾ സൂക്ഷിക്കാൻ ക്ഷേത്രങ്ങൾ ലോക്കർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സെൽഫി, റീൽസ് ചിത്രീകരണം, വിഗ്രഹങ്ങളുടെ ഫോട്ടോ-വിഡിയോ പകർത്തൽ തുടങ്ങിയവ തടയുന്നതിനും ക്ഷേത്രങ്ങളുടെ പവിത്രതയും ഭക്തരുടെ ശാന്തമായ ദർശനവും ഉറപ്പാക്കുന്നതിനുമാണ് നടപടി.
മൊബൈൽ ഫോണുകൾ ക്ഷേത്രത്തിലെ സുരക്ഷിത ലോക്കറിൽ അഞ്ച് രൂപ ഫീസ് നൽകി സൂക്ഷിച്ച ശേഷം ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം. അതേസമയം, കാമറയില്ലാത്ത സാധാരണ മൊബൈൽ ഫോണുകൾക്ക് വിലക്കില്ല. പഴനി, തിരുച്ചെന്തൂർ, മധുര, രാമേശ്വരം ക്ഷേത്രങ്ങളിൽ നേരത്തേതന്നെ മൊബൈൽ ഫോൺ നിയന്ത്രണം നടപ്പാക്കിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് രാമേശ്വരം ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം വിവാദമായതിനെ തുടർന്നാണ് നിയന്ത്രണം വ്യാപിപ്പിച്ചത്.