ഛത്തീസ്ഗഢിൽ വീണ്ടും ന്യൂനപക്ഷ വേട്ട; നാരായൺപൂരിൽ മാതാവിന്റെ കുരിശടിക്ക് തീയിട്ടു
ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ ക്രൈസ്തവ ആരാധനാ കേന്ദ്രത്തിന് നേരെ വീണ്ടും അക്രമം. പ്രദേശത്തെ മാതാവിന്റെ കുരിശടിയാണ് തുടർച്ചയായി രണ്ട് ദിവസങ്ങളിൽ അക്രമികൾ ലക്ഷ്യമിട്ടത്. ആദ്യ ദിവസം രാത്രിയിലെത്തിയ സംഘം കുരിശടിയിലെ മാതാവിന്റെ പ്രതിമ ചവിട്ടിത്തകർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് തൊട്ടടുത്ത രാത്രിയിൽ വീണ്ടുമെത്തിയ അക്രമികൾ പെട്രോൾ ഒഴിച്ച് കുരിശടിക്ക് തീയിടുകയായിരുന്നു.
ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ ക്രൈസ്തവ ആരാധനാ കേന്ദ്രത്തിന് നേരെ വീണ്ടും അക്രമം. പ്രദേശത്തെ മാതാവിന്റെ കുരിശടിയാണ് തുടർച്ചയായി രണ്ട് ദിവസങ്ങളിൽ അക്രമികൾ ലക്ഷ്യമിട്ടത്. ആദ്യ ദിവസം രാത്രിയിലെത്തിയ സംഘം കുരിശടിയിലെ മാതാവിന്റെ പ്രതിമ ചവിട്ടിത്തകർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് തൊട്ടടുത്ത രാത്രിയിൽ വീണ്ടുമെത്തിയ അക്രമികൾ പെട്രോൾ ഒഴിച്ച് കുരിശടിക്ക് തീയിടുകയായിരുന്നു.
സംഭവത്തിൽ വിശ്വാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് സംശയാസ്പദമായ വ്യക്തികളെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും നാരായൺപൂർ പൊലീസ് സൂപ്രണ്ട് സന്ദീപ് പട്ടേൽ അറിയിച്ചു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ക്രിസ്മസ് ആഘോഷങ്ങൾ അടുത്തിരിക്കെ ഉണ്ടായ ഈ ആക്രമണം മേഖലയിലെ ക്രൈസ്തവ വിശ്വാസികൾക്കിടയിൽ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 2023 ജനുവരിയിലും ഇതേ പള്ളിക്കും കുരിശടിക്കും നേരെ വലിയ രീതിയിലുള്ള ആക്രമണം നടന്നിരുന്നു. അക്രമികളെ എത്രയും വേഗം പിടികൂടണമെന്നും ആരാധനാലയങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും വിശ്വാസികളും ക്രൈസ്തവ സംഘടനകളും ആവശ്യപ്പെട്ടു.