'ഇന്ധന ഉപയോഗം പരമാവധി കുറയ്ക്കണം, സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണം, തൊഴിലിടങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ രീതി പ്രോത്സാഹിപ്പിക്കണം' ; നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

 പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, രാജ്യത്ത് കർശനമായ സാമ്പത്തിക-ഊർജ്ജ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ഹൈദരാബാദിൽ നടന്ന പൊതുറാലിയിലാണ് ജനങ്ങളോട് സ്വയം

 

 പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, രാജ്യത്ത് കർശനമായ സാമ്പത്തിക-ഊർജ്ജ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ഹൈദരാബാദിൽ നടന്ന പൊതുറാലിയിലാണ് ജനങ്ങളോട് സ്വയം നിയന്ത്രണത്തിന് അദ്ദേഹം ആഹ്വാനം ചെയ്തത്. പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും ഇതിനായി മെട്രോ ട്രെയിനുകളെയും കാർപൂളിംഗ് സംവിധാനങ്ങളെയും ആശ്രയിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കോവിഡ് കാലത്തെ പോലെ ഒരു വലിയ പ്രതിസന്ധിയെ നേരിടാൻ രാജ്യം സജ്ജമാകണമെന്ന സന്ദേശമാണ് പ്രധാനമന്ത്രി ഇതിലൂടെ നൽകിയിരിക്കുന്നത്.

ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിനായി തൊഴിലിടങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ രീതി പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ മാറ്റിവെക്കാനും, ഭക്ഷ്യ എണ്ണയുടെ ഉപയോഗം പത്ത് ശതമാനം വരെ കുറയ്ക്കാനും അദ്ദേഹം നിർദ്ദേശിച്ചു. പ്രത്യേകിച്ച്, അടുത്ത ഒരു വർഷത്തേക്ക് വിവാഹങ്ങൾ ഉൾപ്പെടെയുള്ള കുടുംബ ചടങ്ങുകൾക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യത്തിനായി മരിക്കുക മാത്രമല്ല, ഇത്തരം നിയന്ത്രണങ്ങൾ പാലിച്ച് രാജ്യത്തിനായി ജീവിക്കുന്നതും രാജ്യസ്നേഹമാണെന്ന് മോദി കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു. രാജ്യം നേരിടാൻ പോകുന്ന ഇന്ധന പ്രതിസന്ധി മുൻകൂട്ടി കണ്ട് നടപടികൾ സ്വീകരിക്കാതെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് സർക്കാരെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. ഇന്ധന പ്രതിസന്ധിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ ഔദ്യോഗിക മുന്നറിയിപ്പാണ് ഇതെന്നതും ശ്രദ്ധേയമാണ്.