പശ്ചിമേഷ്യൻ യുദ്ധം ; ഇറാനിൽനിന്ന് രാജ്യത്തേക്ക് മടങ്ങിയത് 1,700ലധികം ഇന്ത്യൻ പൗരന്മാർ
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായ പശ്ചാതലത്തിൽ ഇറാനിൽനിന്ന് രാജ്യത്തേക്ക് മടങ്ങിയത് 1,700ലധികം ഇന്ത്യൻ പൗരന്മാർ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യുദ്ധം ആരംഭിച്ച് ഒരുമാസത്തിനകമാണ് ഇത്രയുംപേർ നാടണഞ്ഞത്.
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായ പശ്ചാതലത്തിൽ ഇറാനിൽനിന്ന് രാജ്യത്തേക്ക് മടങ്ങിയത് 1,700ലധികം ഇന്ത്യൻ പൗരന്മാർ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യുദ്ധം ആരംഭിച്ച് ഒരുമാസത്തിനകമാണ് ഇത്രയുംപേർ നാടണഞ്ഞത്.
അർമീനിയ, അസർബൈജാൻ എന്നിവിടങ്ങളിലെ കര അതിർത്തി വഴിയാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്. ‘അർമീനിയ, അസർബൈജാൻ വഴി ഇറാനിൽനിന്ന് പുറത്തുകടക്കാൻ തെഹ്റാനിലെ ഇന്ത്യൻ എംബസി എല്ലാവിധ സൗകര്യമൊരുക്കിരുന്നുവെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരിൽ 895 വിദ്യാർഥികളും 345 മത്സ്യത്തൊഴിലാളികളും ഉൾപ്പെട്ടിട്ടുണ്ട്. അർമീനിയ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരും നാട്ടിലേക്ക് മടങ്ങുന്നുണ്ട്.
അതേസമയം, പശ്ച്യമേഷ്യയിൽ യുദ്ധഭീതി കൂടുതൽ കനക്കുകയാണ്. ഒറ്റരാത്രി കൊണ്ട് ഇറാനെ സമ്പൂർണമായി തകർക്കുമെന്നാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഹുർമുസ് കടലിടുക്ക് തുറക്കാനും കരാറിലെത്താനും നൽകിയ പത്ത് ദിവസത്തെ സമയപരിധി അവസാനിക്കാനിരിക്കെയാണ് ട്രംപിൻറെ വെല്ലുവിളി. താൽകാലികമായി വെടിനിർത്താനുള്ള യു.എസ് നിർദേശം ഇറാൻ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഭീഷണി കടുപ്പിച്ചത്.