രാജ്യത്ത് ഈ മാസത്തിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
രാജ്യത്ത് ഈ മാസത്തിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. നെയ് മാസത്തിൽ ദീർഘകാല ശരാശരിയുടെ 110 ശതമാനത്തിലധികം മഴ ലഭിക്കാമെന്നാണ് പ്രവചനം.കടുത്ത ചൂടിൽ വലയുന്ന പല സംസ്ഥാനങ്ങൾക്കും വേനൽമഴ വലിയ ആശ്വാസമാകുമെന്നാണു വിലയിരുത്തൽ.
1971 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം മേയ് മാസത്തിലെ ശരാശരി മഴ 64.1 മില്ലിമീറ്ററാണ്. ഇത്തവണ അതിനെക്കാൾ കൂടുതലായി മഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മേയ് 5 വരെ പശ്ചിമ ബംഗാൾ, സിക്കിം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്. അതേസമയം, വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും നാളെയോടെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.