നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കിയതില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ

മെറ്റയ്ക്ക് നല്‍കുന്ന സേഫ് ഹാര്‍ബര്‍ പരിരക്ഷ പിന്‍വലിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

 

മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ മാപ്പ് പറയണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്ത നടപടിയില്‍ പാര്‍ലമെന്ററി ഐടി സമതിക്ക് മുന്നില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ അധികൃതര്‍. വീഡിയോ നീക്കം ചെയ്തത് സാങ്കേതിക പിഴവുകൊണ്ടാണെന്ന് മെറ്റ യോഗത്തില്‍ വിശദീകരിച്ചു. എന്നാല്‍ പ്രശ്‌നം ഉദ്യോഗസ്ഥര്‍ മാപ്പ് പറഞ്ഞാല്‍ തീരില്ലെന്ന് സമിതിയിലെ ഭരണപക്ഷ അംഗങ്ങള്‍ അറിയിച്ചു. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ മാപ്പ് പറയണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മെറ്റയ്ക്ക് നല്‍കുന്ന സേഫ് ഹാര്‍ബര്‍ പരിരക്ഷ പിന്‍വലിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

 അതേസമയം ഇത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. സിജെപി സമരത്തില്‍ പങ്കെടുത്തവരുടെ അടക്കം സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരായ നടപടിയിലും സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ ആശങ്ക അറിയിച്ചു. സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങള്‍ എല്ലാം രാജ്യത്തിനെതിരായത് എന്ന രീതിയില്‍ കൈകാര്യം ചെയ്യരുതെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.