ഒറിജിനൽ മരുന്നുകൾക്കൊപ്പം വ്യാജ മരുന്നുകൾ കലർത്തി ആശുപത്രികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും വിതരണം ; കർണാടകയിൽ മുഖ്യസൂത്രധാരനും സഹായിയും പിടിയിൽ 

കർണാടകയിൽ വ്യാജ മരുന്ന് നിർമാണ-വിതരണ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംശയം തോന്നാതിരിക്കാൻ ഒറിജിനൽ മരുന്നുകൾക്കൊപ്പം
 

 ബെംഗളൂരു: കർണാടകയിൽ വ്യാജ മരുന്ന് നിർമാണ-വിതരണ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംശയം തോന്നാതിരിക്കാൻ ഒറിജിനൽ മരുന്നുകൾക്കൊപ്പം വ്യാജ മരുന്നുകൾ കലർത്തിയാണ് ആശുപത്രികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും വിതരണം ചെയ്തിരുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ചെന്നൈ ആസ്ഥാനമായുള്ള 'ഡി.എം ഫാർമ' എന്ന വിതരണ കമ്പനിയെ മറയാക്കിയാണ് ഈ വൻ തട്ടിപ്പ് അരങ്ങേറിയത്. കേസിൽ മുഖ്യസൂത്രധാരനായ പ്രശാന്ത് രാജൻബാബുവിന്റെ അടുത്ത കൂട്ടാളിയും പങ്കാളിയുമായ ബാലസുബ്രഹ്മണ്യയെ എസ്.ഐ.ടി ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു.

ശിവമോഗ സ്വദേശിയും ബെംഗളൂരു പപ്പറെഡ്ഡിപാളയയിൽ താമസക്കാരനുമായ പ്രശാന്ത് രാജൻബാബുവിനെ കഴിഞ്ഞ തിങ്കളാഴ്ച ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച ചെന്നൈയിൽ വെച്ച് ബാലസുബ്രഹ്മണ്യ വലയിലായത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി ബെംഗളൂരുവിൽ എത്തിച്ചു. പ്രശാന്തിന്റെ ഭാര്യയും ബാലസുബ്രഹ്മണ്യയും ചേർന്നാണ് 2021-ൽ ചെന്നൈയിൽ ഡി.എം ഫാർമ സ്ഥാപിച്ചത്.