ബംഗ്ലാദേശിൽ അഞ്ചാംപനി വ്യാപനം: മരണസംഖ്യ 545 ആയി
ബംഗ്ലാദേശിൽ അഞ്ചാം പനി ബാധിച്ചുള്ള മരണത്തിൽ വൻവർധന. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യവ്യാപകമായി രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം 545 ആയി ഉയർന്നു.
ബംഗ്ലാദേശിൽ അഞ്ചാം പനി ബാധിച്ചുള്ള മരണത്തിൽ വൻവർധന. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യവ്യാപകമായി രോഗംബാധിച്ച് മരിച്ചവരുടെ എണ്ണം 545 ആയി ഉയർന്നു.
മരണപ്പെട്ടവരിൽ ഒരാൾക്ക് ലബോറട്ടറി പരിശോധനയിൽ അഞ്ചാം പനി സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള 16 പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 15 മുതലുള്ള കണക്കിൽ ബംഗ്ലാദേശിൽ 8,719 അഞ്ചാംപനി കേസുകൾ സ്ഥിരീകിച്ചിട്ടുണ്ട്. ഏകദേശം 64,940 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 47,619 രോഗികൾ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. രോഗബാധ കുട്ടികളെയാണ് കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
രോഗം സ്ഥിരീകരിച്ചവരിൽ ഏകദേശം 83% പേർ വാക്സിൻ എടുക്കാത്തവരോ ഭാഗികമായി വാക്സിൻ എടുത്തവരോ ആണെന്നും ആരോഗ്യവിഭാഗം പറയുന്നുണ്ട്. റിപ്പോർട്ട് ചെയ്ത അണുബാധകളിൽ ഏകദേശം 80%വും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
നിലവിൽ ബംഗ്ലാദേശിലെ 64 ജില്ലകളിൽ മീസിൽസ് വ്യാപനമുണ്ട്. ധാക്ക, രാജ്ഷാഹി, ചിറ്റഗോങ് ഡിവിഷനുകളാണ് കൂടുതൽ മീസിൽസ് ബാധിക്കപ്പെട്ട പ്രദേശങ്ങൾ.
ബംഗ്ലാദേശിലെ വാക്സിനേഷൻ പരിപാടികളിലുണ്ടായ പാളിച്ചകളാണ് ഈ ഗുരുതരമായ അവസ്ഥയ്ക്ക് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാക്സിനേഷൻ നിരക്കിൽ വലിയ കുറവുണ്ടായിട്ടുണ്ട്. രാഷ്ട്രീയ അസ്ഥിരതയും ഭരണപരമായ പിഴവുകളും കാരണം 2025-ൽ വാക്സിനേഷൻ എടുത്ത കുട്ടികളുടെ നിരക്ക് 59.6 ശതമാനമായി കുറഞ്ഞു. 2020-ന് ശേഷം രാജ്യത്ത് വിപുലമായ വാക്സിനേഷൻ യജ്ഞങ്ങൾ നടക്കാത്തതും രോഗം പടരാൻ ഇടയാക്കി.
അതിർത്തി കടന്നുള്ള രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. അഞ്ചാംപനി നിയന്ത്രിക്കാൻ ബംഗ്ലാദേശ് ഇപ്പോൾ അടിയന്തര വാക്സിനേഷൻ നടപടികൾ സ്വീകരിച്ചു വരികയാണ്.
ഇന്ത്യയിൽ അഞ്ചാംപനിക്കെതിരായ വാക്സിനേഷൻ പ്രതിരോധം വളരെ ശക്തമാണ്. സർക്കാർ കണക്കുകൾ പ്രകാരം, 2024-25 കാലയളവിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർ 93.7 ശതമാനവും രണ്ടാം ഡോസ് സ്വീകരിച്ചവർ 92.2 ശതമാനവുമാണ്. 2026 അവസാനത്തോടെ രാജ്യത്ത് നിന്ന് അഞ്ചാംപനിയും റുബെല്ലയും തുടച്ചുനീക്കുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്.