ഓൺലൈൻ ഗെയിം കളിച്ച് തോറ്റു ; എംബിബിഎസ് വിദ്യാർത്ഥി ജീവനൊടുക്കി
ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് വൻതുക നഷ്ടമായതിനെത്തുടർന്ന് കർണാടകയിലെ ബീദറിൽ മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി. ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി സുർജിത്ത് കുമാർ (21) ആണ് മരിച്ചത്.
ബീദർ: ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് വൻതുക നഷ്ടമായതിനെത്തുടർന്ന് കർണാടകയിലെ ബീദറിൽ മെഡിക്കൽ വിദ്യാർത്ഥി ജീവനൊടുക്കി. ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി സുർജിത്ത് കുമാർ (21) ആണ് മരിച്ചത്. പലരിൽ നിന്നായി കടം വാങ്ങിയ പണം ഉപയോഗിച്ചാണ് സുർജിത്ത് ഓൺലൈൻ ഗെയിം കളിച്ചതെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കലബുറഗി സ്വദേശിയാണ് സുർജിത്ത്. പഠനത്തിൽ മിടുക്കനായിരുന്ന വിദ്യാർത്ഥിയുടെ വിയോഗം സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. കർണാടകയിൽ ഇതിനുമുമ്പും സമാനമായ രീതിയിൽ വിദ്യാർത്ഥികൾ ജീവനൊടുക്കിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ബീദർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥി ആർക്കൊക്കെ പണം നൽകാനുണ്ടായിരുന്നുവെന്നും ഓൺലൈൻ ഗെയിമിംഗ് ആപ്പുകളുടെ സ്വാധീനത്തെക്കുറിച്ചും പോലീസ് പരിശോധിച്ചുവരികയാണ്. കടം വാങ്ങിയ പണം തിരികെ നൽകാൻ സാധിക്കില്ലെന്ന് വ്യക്തമായതിനാലാവും വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന് പൊലീസ് സംശയിക്കുന്നു.