ജമ്മുവിലെ മാതാ വൈഷ്‌ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്രം
ജമ്മുവിലെ മാതാ വൈഷ്‌ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്രം. കോളജിലെ എംബിബിഎസ് കോഴ്സിന് അനുമതി നൽകി മാസങ്ങൾക്കകമാണ്
ശ്രീനഗർ: ജമ്മുവിലെ മാതാ വൈഷ്‌ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്രം. കോളജിലെ എംബിബിഎസ് കോഴ്സിന് അനുമതി നൽകി മാസങ്ങൾക്കകമാണ് ഇപ്പോൾ അംഗീകാരം റദ്ദാക്കിയിരിക്കുന്നത്. 2025-26 അക്കാദമിക വർഷത്തിലേക്ക് അഡ്മിഷൻ ലഭിച്ച 50 ഓളം വിദ്യാർഥികളിൽ നാൽപ്പതിൽ അധികം പേർ മുസ്ലിംകൾ ആയതോടെയാണ് ഹിന്ദുത്വ സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നത്. മതം നോക്കിയല്ല, മറിച്ച് നീറ്റ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടന്നതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കുകയും മുഖ്യമന്ത്രിയായ ഉമർ അബ്ദുല്ല അടക്കം കോളജ് അഡ്മിഷൻ സുതാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ കോളജ് അടച്ചുപൂട്ടണമെന്ന ആവശ്യമുന്നയിച്ച് സംഘപരിവാർ മുന്നോട്ട് പോവുകയായിരുന്നു. വൈഷ്‌ണോ ദേവിയുടെ ക്ഷേത്രത്തിലേക്കുവരുന്ന സംഭാവനകൾ ഉപയോഗിച്ചാണ് കോളജ് പ്രവർത്തിക്കുന്നതെന്നും അതിനാൽതന്നെ, ആദ്യം പ്രസിദ്ധീകരിച്ച അഡ്മിഷൻ റദ്ദാക്കി ഹിന്ദു വിദ്യാർഥികൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും സംഘപരിവാരുകാർ ആവശ്യപ്പെട്ടു. പിന്നാലെ കോളജിൽ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ല, ഡോക്ടർമാർ ഇല്ല എന്ന രീതിയിൽ കോളജിനെകുറിച്ച് നാഷണൽ മെഡിക്കൽ കമ്മീഷന് സംഘപരിവാരുകാർ കത്തയച്ചു.
തുടർന്ന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ നിർദേശപ്രകാരം മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ കോളജിൽ ഒരു മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ, മേൽപ്പറഞ്ഞ കാരണങ്ങൾ ഉന്നയിച്ച് കോളേജിന്റെ അനുമതി റദ്ദാക്കുകയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇത്തരത്തിൽ ഒരു സ്ഥാപനം പ്രവർത്തിക്കുന്നത്, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും വിദ്യാർഥികളുടെ അക്കാദമികപരമായ താൽപ്പര്യങ്ങളെയും ബാധിക്കുമെന്നും ഉത്തരവിൽ പറയുന്നു. നിലവിൽ കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മറ്റു കോളേജുകളിൽ പഠനം തുടരാനുള്ള വ്യവസ്ഥ ഉണ്ടാക്കാമെന്നും ഉത്തരവിൽ പറയുന്നു.