12,000 കോടി രൂപ ചിലവഴിച്ച് നിർമിച്ച റോഡ് ഉദ്ഘാടനം കഴിഞ്ഞ് വെറും മൂന്ന് മാസം ; ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ്‌വേയിൽ വൻ കുഴികൾ
ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലേക്കുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂറായി കുറക്കുക എന്ന ലക്ഷ്യത്തോടെ 12,000 കോടി രൂപ ചിലവഴിച്ച് നിർമിച്ച ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ്‌വേ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് തന്നെ തകർന്നു. പാതയിൽ രൂപപ്പെട്ട രണ്ട് കൂറ്റൻ കുഴികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസും എ.എ.പിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
ഉത്തർപ്രദേശിലെ ശാംലിയിലുള്ള ഹാത്തി കരോഡ ഗ്രാമത്തിന് സമീപമുള്ള എക്‌സ്പ്രസ്‌വേയിലാണ് അപകടകരമായ രീതിയിൽ വലിയ കുഴികൾ രൂപപ്പെട്ടത്. പാതയിലൂടെ കടന്നുപോയ ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നത്. ഈ കുഴികൾ കാരണം തന്റെ കൺമുന്നിൽ വെച്ച് നാലും അഞ്ചും വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായും, വേഗതയിൽ വന്ന രണ്ട് കാറുകളുടെയെങ്കിലും അലോയ് വീലുകൾ (alloy wheels) വളഞ്ഞുപോയതായും വീഡിയോ പങ്കുവെച്ചയാൾ പറയുന്നുണ്ട്. തകർന്ന അലോയ് വീലുകളുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 14നാണ് 212 കിലോമീറ്റർ നീളമുള്ള ആറുവരിപ്പാത രാജ്യത്തിന് സമർപ്പിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് കൃത്യം 79 ദിവസങ്ങൾ പിന്നിടുമ്പോഴാണ് റോഡിന്റെ ഈ ദയനീയ അവസ്ഥ പുറത്തുവന്നിരിക്കുന്നത്.