ജാതി മാറി വിവാഹം ; ശുദ്ധീകരണത്തിന്റെ ഭാഗമായി കുടുംബത്തിലെ 40 പുരുഷന്മാരെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചു

 പെണ്‍കുട്ടിയുടെ കുടുംബത്തെ ബഹിഷ്‌ക്കരിച്ചു.

 

പട്ടിക വര്‍ഗ(എസ്ടി)ത്തില്‍പ്പെടുന്ന പെണ്‍കുട്ടി അയല്‍ഗ്രാമത്തില്‍ നിന്നുളള പട്ടിക ജാതിയില്‍(എസ്സി)പ്പെട്ട യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു.

ഒഡീഷയില്‍ യുവതി ജാതി മാറി വിവാഹം കഴിച്ചതിന് കുടുംബത്തിലെ 40 പുരുഷന്മാരെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചു. ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ കൂട്ടത്തോടെ മൊട്ടയടിപ്പിച്ചത്. റായഗഡ ജില്ലയിലെ ബൈഗനഗുഡ ഗ്രാമത്തിലാണ് സംഭവം. പട്ടിക വര്‍ഗ(എസ്ടി)ത്തില്‍പ്പെടുന്ന പെണ്‍കുട്ടി അയല്‍ഗ്രാമത്തില്‍ നിന്നുളള പട്ടിക ജാതിയില്‍(എസ്സി)പ്പെട്ട യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു.

ഇത് ഗ്രാമത്തിലുളളവരെ പ്രകോപിതരാക്കി. ഇവര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബഹിഷ്‌ക്കരിച്ചു. തിരികെ സമുദായത്തിലേക്ക് ചേര്‍ക്കണമെങ്കില്‍ ശുദ്ധീകരണം നടത്തണമെന്നാണ് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടത്. ഇതിന് തയ്യാറായില്ലെങ്കില്‍ ആജീവനാന്തം സാമൂഹിക ബഹിഷ്‌കരണം നേരിടേണ്ടിവരുമെന്ന് അവര്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു.


ഗ്രാമവാസികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കുടുംബം മൃഗബലി നടത്തുകയും കൂട്ടത്തോടെ തല മുണ്ഡനം ചെയ്യുകയുമായിരുന്നു. നിരവധി പുരുഷന്മാര്‍ തല മൊട്ടയടിച്ച് വയലിന് സമീപം ഇരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ കാശിപൂര്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ വിജയ് സോയ് വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരെ ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും വിജയ് സോയ് പറഞ്ഞു.