സമ്മതമില്ലാതെ വിവാഹം ; നാലു വര്‍ഷത്തിന് ശേഷം ദമ്പതികളെ വിളിച്ചുവരുത്തി മരുമകനെ ക്രൂരമായി തല്ലിക്കൊന്ന് യുവതിയുടെ കുടുംബം

മുപ്പതിലേറെ മാരക മുറിവുകളാണ് യുവാവിന്റെ മരണത്തിന് കാരണമായത്. ഇതില്‍ 16 മുറിവുകള്‍ വിഷ്ണുവിന്റെ തലയിലാണ് ഏറ്റിട്ടുള്ളത്. 

 

വിഷ്ണുവിന്റെ ഭാര്യ സാക്ഷി സിംഗിന്റെ കൈകാലുകള്‍ ബന്ധിച്ച് കെട്ടിയിട്ട ശേഷം യുവതിയുടെ മുന്നില്‍ ഇട്ടാണ് വിഷ്ണുവിനെ മര്‍ദ്ദിച്ച് കൊന്നത്. 

മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം ചെയ്തതിന്റെ പേരില്‍ ക്രൂരത. നാല് വര്‍ഷത്തിന് ശേഷം മകളേയും ഭര്‍ത്താവിനേയും വിരുന്നിന് ക്ഷണിച്ച് ചതി. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെത്തിയ മരുമകനെ അമ്മായിയച്ഛനും അമ്മായിയമ്മയും ഭാര്യയുടെ സഹോദരിമാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. 30 വയസ് പ്രായമുള്ള വിഷ്ണു യാദവ് ആണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ ഭാര്യ സാക്ഷി സിംഗിന്റെ കൈകാലുകള്‍ ബന്ധിച്ച് കെട്ടിയിട്ട ശേഷം യുവതിയുടെ മുന്നില്‍ ഇട്ടാണ് വിഷ്ണുവിനെ മര്‍ദ്ദിച്ച് കൊന്നത്. 

മാര്‍ച്ച് 17നാണ് സാക്ഷിയേയും വിഷ്ണുവിനേയും സാക്ഷിയുടെ മാതാപിതാക്കള്‍ വീട്ടിലേക്ക് ക്ഷണിച്ചത്. ബംഗ്ല ബസാര്‍ ഭാഗത്തെ സെക്ടര്‍ 1ലെ വീട്ടിലേക്കാണ് ദമ്പതികള്‍ എത്തിയത്. 
ഭര്‍ത്താവിനെ വെറുതെ വിടണമെന്നും ആക്രമിക്കരുതെന്നുമുള്ള സാക്ഷിയുടെ നിലവിളിയ്ക്ക് വീട്ടുകാര്‍ വഴങ്ങിയില്ല.വിഷ്ണുവിന്റെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നത് കണ്ട അയല്‍വാസികള്‍ പൊലീസില്‍ വിളിച്ചതിന് പിന്നാലെയാണ് ക്രൂരമായ മര്‍ദ്ദനം പുറത്ത് അറിയുന്നത്. കൈകാലുകള്‍ ബന്ധിച്ച നിലയിലുണ്ടായിരുന്ന സാക്ഷിയെ പൊലീസ് രക്ഷിക്കുകയായിരുന്നു. 

സംഭവത്തില്‍ വിഷ്ണുവിന്റെ പിതാവിന്റെ പരാതിയില്‍ സാക്ഷിയുടെ പിതാവ് തീര്‍ത്ഥരാജ് സിംഗ്, അമ്മ സരോജ് ദേവി, സഹോദരിമാരായ രാധ, രത്‌ന, ജ്യോതി, വിധി എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തിന് ഉപയോഗിച്ച പട്ടികയും മരക്കമ്പുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുപ്പതിലേറെ മാരക മുറിവുകളാണ് യുവാവിന്റെ മരണത്തിന് കാരണമായത്. ഇതില്‍ 16 മുറിവുകള്‍ വിഷ്ണുവിന്റെ തലയിലാണ് ഏറ്റിട്ടുള്ളത്.