ഛത്തിസ്ഗഢിൽ 108 മാവോവാദികൾ കീഴടങ്ങി ; കേന്ദ്രത്തിൽനിന്ന് കണ്ടെടുത്തത് വൻതോതിൽ ആയുധ ശേഖരവും 3.61 കോടി രൂപയും ഒരു കിലോ സ്വർണവും 

ഛത്തിസ്ഗഢിലെ ബസ്തർ ജില്ലയിൽ 108 മാവോവാദികൾ കീഴടങ്ങിയതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. മാവോവാദി കേന്ദ്രത്തിൽനിന്ന് വൻതോതിൽ ആയുധ ശേഖരവും 3.61 കോടി രൂപയും ഒരു കിലോ സ്വർണവും കണ്ടെടുത്തു.
 

  ഛത്തിസ്ഗഢ് : ഛത്തിസ്ഗഢിലെ ബസ്തർ ജില്ലയിൽ 108 മാവോവാദികൾ കീഴടങ്ങിയതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. മാവോവാദി കേന്ദ്രത്തിൽനിന്ന് വൻതോതിൽ ആയുധ ശേഖരവും 3.61 കോടി രൂപയും ഒരു കിലോ സ്വർണവും കണ്ടെടുത്തു. രാജ്യത്തെ നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ ഒരൊറ്റ സ്ഥലത്തുനിന്ന് ഏറ്റവും കൂടുതൽ പണവും വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്ത സംഭവം ഇതാണെന്ന് പൊലീസ് ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പട്ടിലിംഗം വാർത്ത ഏജൻസിയോട് പറഞ്ഞു.

നേരത്തേ കീഴടങ്ങിയ കേഡറുകൾ നൽകിയ വിവരങ്ങൾ സുരക്ഷാ സേനയെ കാര്യമായി സഹായിച്ചു. കീഴടങ്ങിയവരിൽ ആറുപേർ ഡിവിഷനൽ കമ്മിറ്റി അംഗങ്ങളാണെന്നും ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് എട്ട് ലക്ഷം രൂപ വീതം പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നുവെന്നും അധികൃതർ അറിയിച്ചു. 2026 മാർച്ച് 31നകം രാജ്യത്തെ നക്സൽ ഭീഷണി ഇല്ലാതാക്കുമെന്ന അവകാശവാദവുമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടുവർഷം മുമ്പ് ഛത്തിസ്ഗഢിലേക്ക് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ 26 മാസത്തിനിടെ 2714 മാവോവാദികൾ കീഴടങ്ങിയതായാണ് അധികൃതർ പറയുന്നത്.