മാവോവാദികൾ സിദ്ധരാമയ്യ മുമ്പാകെ കീഴടങ്ങിയ നടപടിയിൽ സുതാര്യതയില്ല ; അണ്ണാമലൈ
മംഗളൂരു : ആറ് മാവോവാദികൾ മുഖ്യമന്ത്രി സിദ്ധരാമയ്യ മുമ്പാകെ കീഴടങ്ങിയ നടപടിയിൽ സുതാര്യതയില്ലെന്ന് കർണാടകയിലെ മുൻ പൊലീസ് കമീഷണറും ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷനുമായ അണ്ണാമലൈ അഭിപ്രായപ്പെട്ടു.
മംഗളൂരു സൗത്ത് എം.എൽ.എ വേദവ്യാസ് കാമത്തിന്റെ വസതി സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴടങ്ങൽ നടപടികളുടെ സുതാര്യതയിലും സത്യസന്ധതയിലും ജനങ്ങൾക്ക് സംശയം ഉയരാവുന്നതാണ് സ്വീകരിച്ച രീതി.
താൻ കർണാടകയിൽ ഐ.പി.എസ് കാഡറിൽ പ്രവർത്തിച്ച കാലം ചിക്കമഗളൂരുവിൽ മാവോവാദി കീഴടങ്ങൽ കൈകാര്യം ചെയ്ത അനുഭവവും ഇപ്പോഴത്തെ രീതിയും തമ്മിൽ വലിയ അന്തരമാണ് കാണുന്നത്.
ഈ പ്രക്രിയയിൽ സാധാരണയായി ചർച്ചകൾ, ആവശ്യങ്ങൾ പരിഹരിക്കൽ, ബാങ്ക് വായ്പകൾ സുഗമമാക്കൽ, കീഴടങ്ങിയ മാവോവാദികൾക്കെതിരായ കേസുകൾ സംബന്ധിച്ച ഉറപ്പുകൾ എന്നിവ ഉൾപ്പെടുന്നു. വിക്രം ഗൗഡ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുക, പിന്നാലെ കീഴടങ്ങൽ -ഇതെല്ലാം സംശയാസ്പദമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.