മണിപ്പുർ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി
മണിപ്പുരിലെ ചന്ദേൽ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. ചൊവ്വാഴ്ച ഇംഫാലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 37-കാരൻ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഒൻപത് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (RIMS) ഉൾപ്പെടെ നാല് ആശുപത്രികളിലായി 81 പേർ നിലവിൽ ചികിത്സയിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
ഇംഫാൽ: മണിപ്പുരിലെ ചന്ദേൽ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. ചൊവ്വാഴ്ച ഇംഫാലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 37-കാരൻ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഒൻപത് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (RIMS) ഉൾപ്പെടെ നാല് ആശുപത്രികളിലായി 81 പേർ നിലവിൽ ചികിത്സയിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിൽ 70 പേർ ജനറൽ വാർഡുകളിലും 11 പേർ അത്യാഹിത വിഭാഗത്തിലുമാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 1,236 പേർ പരിശോധനയ്ക്ക് വിധേയരായതായും, രോഗമുക്തി നേടിയ 813 പേർ ആശുപത്രി വിട്ടതായും അധികൃതർ വ്യക്തമാക്കി.
കേസിൽ എൽ. ശാന്തിപ്രിയ, തൗദം കൗബ, യുമ്നം ശരത് എന്നിവരെയാണ് ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്തത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എക്സൈസ്-പൊലീസ് സംഘങ്ങൾ സംസ്ഥാനത്തുടനീളം പരിശോധന കർശനമാക്കിയിട്ടുണ്ട്. റെയ്ഡുകളിലൂടെ ഏകദേശം 5,000 ലിറ്ററോളം അനധികൃത മദ്യം പിടിച്ചെടുത്തു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, വ്യാജമദ്യ നിർമ്മാണത്തിനും വിൽപ്പനയ്ക്കുമെതിരെ ശക്തമായ നടപടികൾ തുടരുമെന്നും എക്സൈസ് വകുപ്പ് അറിയിച്ചു.