മുന്‍ കാമുകിയെ സഹപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെ കുത്തിക്കൊലപ്പെടുത്തി യുവാവ്
ഡിംപിള്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
പ്രതിയായ ഹര്‍വീന്ദര്‍ മാന്‍ എന്ന യുവാവ് ഡിംപിളിനെ തുടര്‍ച്ചയായി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
മുന്‍ കാമുകിയെ സഹപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെ കുത്തിക്കൊന്ന് യുവാവ്.പഞ്ചാബിലെ മൊഹാലിയിലുള്ള ഒരു സ്വകാര്യ കമ്പനി ഓഫീസിനുള്ളിലാണ് സംഭവം. 29 വയസ്സുകാരിയായ യുവതിയെയാണ് സഹപ്രവര്‍ത്തകനും മുന്‍ കാമുകനുമായ യുവാവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ഓഫീസിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും അവരെയെല്ലാം കത്തി കാട്ടി ഭീഷണിപ്പെടുത്തിക്കൊണ്ടാണ് പ്രതി ഈ ക്രൂരത ചെയ്തത്. ആക്രമണത്തിന് ശേഷം പ്രതി സ്വയം ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജൂണ്‍ 4-ാം തീയതി വ്യാഴാഴ്ച വൈകുന്നേരമാണ് ഈ ദാരുണമായ സംഭവം നടന്നത്.
ഡിംപിള്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഹര്‍വീന്ദര്‍ മാന്‍ എന്ന യുവാവ് ഡിംപിളിനെ തുടര്‍ച്ചയായി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടന്ന ഇരുവരേയും സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, യുവതി അതിനോടകം തന്നെ മരണപ്പെട്ടിരുന്നു. കൊലപാതക കുറ്റം ചുമത്തപ്പെട്ട പ്രതി ഹര്‍വീന്ദര്‍ മാന്‍ നിലവില്‍ കടുത്ത പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മാതാപിതാക്കള്‍ അമേരിക്കയിലുള്ള ഹര്‍വീന്ദറും കൊല്ലപ്പെട്ട ഡിംപിളും പട്യാല സ്വദേശികളാണ്. മൊഹാലിയിലെ ഒരേ ഓഫീസിലാണ് ഇരുവരും ജോലി ചെയ്തിരുന്നതെങ്കിലും വെവ്വേറെ പേയിംഗ് ഗസ്റ്റ് താമസസൗകര്യങ്ങളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
ഓഫീസിലെ ഷിഫ്റ്റ് മാറുന്ന സമയത്തായിരുന്നു ഈ ആക്രമണം നടന്നത്. അതിനാല്‍ ആ സമയം ആ നിലയില്‍ രണ്ട് മൂന്ന് ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡിംപിളിനെ രക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോള്‍ പ്രതി അവര്‍ക്ക് നേരെ കത്തി വീശുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീകരമായ രംഗങ്ങളെല്ലാം ഓഫീസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഓഫീസിലെ മറ്റൊരു ജീവനക്കാരന്‍ പ്രതിയുടെ കയ്യില്‍ നിന്നും ഒരു കത്തി പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും, പ്രതി തന്റെ പക്കലുണ്ടായിരുന്ന മറ്റൊരു കത്തി എടുത്ത് വീണ്ടും ആക്രമണം തുടരുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.