വിദ്യാര്‍ത്ഥിനിയെ യന്ത്രവാള്‍ കൊണ്ട് ആക്രമിച്ച പ്രതിക്ക് പൊലീസ് എന്‍കൗണ്ടറില്‍ ഗുരുതര പരിക്ക്

രാപ്തഡു ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് പ്രതി ആക്രമിച്ചത്.

 

ആറുതവണയാണ് പ്രതിക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ പ്രതി ചികിത്സയിലാണ്.

ആന്ധ്രാപ്രദേശിലെ അന്തപൂര്‍ ജില്ലയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ യന്ത്രവാള്‍ കൊണ്ട് ആക്രമിച്ച പ്രതിക്ക് പൊലീസ് എന്‍കൗണ്ടറില്‍ ഗുരുതര പരിക്ക്. തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പ്രതിയായ 21കാരന്‍ ഹേമന്തിനെ വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. ആറുതവണയാണ് പ്രതിക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ പ്രതി ചികിത്സയിലാണ്.

രാപ്തഡു ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് പ്രതി ആക്രമിച്ചത്. അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെയായിരുന്നു ആക്രമണം. ഇയാളെ എന്‍കൗണ്ടറില്‍ വധിക്കണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുകൂടിയാണ് പ്രതി ഹേമന്ത്. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടി ഇപ്പോള്‍ ബെംഗളുരുവില്‍ ചികിത്സയിലാണ്.

യുവാവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നതായി അറിയില്ലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. അറിഞ്ഞിരുന്നുവെങ്കില്‍ ജാഗ്രത പുലര്‍ത്തുമായിരുന്നുവെന്നും നിലവില്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.