യുവാവിനെ കൊന്ന് വെട്ടിനുറുക്കി ഡ്രമ്മിലാക്കി; മീററ്റിലെ 'ബ്ലൂ ഡ്രം' കൊലക്കേസില് ഭാര്യയ്ക്കും കാമുകനും വധശിക്ഷ
സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി നീല നിറത്തിലുള്ള ഡ്രമ്മിലാക്കി കോണ്ക്രീറ്റും മണലും ഇട്ട് മൂടിയെന്നാണ് കേസ്.
കേസില് പ്രതികള് കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തുടര്ന്നാണ് ബുധനാഴ്ച ശിക്ഷ വിധിച്ചത്.
രാജ്യത്തെ നടുക്കിയ മീററ്റിലെ 'ബ്ലൂ ഡ്രം' കൊലക്കേസില് പ്രതികള്ക്ക് വധശിക്ഷ. മര്ച്ചന്റ് നേവി ഉദ്യോ?ഗസ്ഥനായ സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ മസ്കന് റസ്തോഗി, കാമുകന് സാഹില് ശുക്ല എന്നിവര്ക്ക് വധശിക്ഷ വിധിച്ചത്. മീറ്ററിലെ ജില്ലാ കോടതിയാണ് കേസില് വിധി പറഞ്ഞത്. കേസില് പ്രതികള് കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തുടര്ന്നാണ് ബുധനാഴ്ച ശിക്ഷ വിധിച്ചത്.
സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി നീല നിറത്തിലുള്ള ഡ്രമ്മിലാക്കി കോണ്ക്രീറ്റും മണലും ഇട്ട് മൂടിയെന്നാണ് കേസ്. മൃതദേഹം ഒളിപ്പിച്ച നീല ഡ്രമ്മാണ് കേസില് പ്രധാന തെളിവായി മാറിയത്. 2025 മാര്ച്ച് മൂന്നാം തീയതിയായിരുന്നു സംഭവം.
സൗരഭിനെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാനായിരുന്നു മസ്കന്റെയും കാമുകനായ സാഹില് ശുക്ലയുടെയും പദ്ധതി. ഇതിനായാണ് പ്രതികള് കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവദിവസം സൗരഭിന് ഭക്ഷണത്തില് മയക്കുമരുന്ന് കലര്ത്തി നല്കി. ഇതിനുപിന്നാലെ സാഹില് ശുക്ലയും സൗരഭിന്റെ വീട്ടിലെത്തി. തുടര്ന്ന് മസ്കനും സാഹില് ശുക്ലയും ചേര്ന്ന് സൗരഭിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം കുളിമുറിയില്വെച്ച് മൃതദേഹം വെട്ടിനുറുക്കി. മൃതദേഹഭാഗങ്ങള് നീല ഡ്രമ്മിലാക്കി. തുടര്ന്നാണ് കോണ്ക്രീറ്റ് ചെയ്ത് ഡ്രം അടച്ചത്.
കൊലപാതകത്തിന് പിന്നാലെ പ്രതികള് ഹിമാചല് പ്രദേശിലേക്ക് കടന്നു. ഈ സമയം സൗരഭിന്റെ ഫോണില്നിന്ന് മസ്കന് ബന്ധുക്കള്ക്ക് സന്ദേശം അയച്ചുകൊണ്ടിരുന്നു. സൗരഭാണെന്ന വ്യാജേനയാണ് ഭാര്യ ബന്ധുക്കള്ക്ക് സന്ദേശം അയച്ചത്. സൗരഭ് ഒരു യാത്രയിലാണെന്ന് തെറ്റിദ്ധരിപ്പിക്കുകയുംചെയ്തു. എന്നാല്, ദിവസങ്ങള് കഴിഞ്ഞതോടെ ബന്ധുക്കള് സംശയമായി. തുടര്ന്ന് മാര്ച്ച് 17-ാം തീയതി ബന്ധുക്കള് വീട്ടിലെത്തി അന്വേഷണം നടത്തി. ഇതിനിടെയാണ് സൗരഭിന്റെയും മസ്കന്റെയും ആറുവയസ്സുള്ള മകള് നിര്ണായക വെളിപ്പെടുത്തല് നടത്തിയത്. പപ്പ നീല ഡ്രമ്മിലുണ്ടെന്നായിരുന്നു കുട്ടി വീട്ടിലെത്തിയവരോട് പറഞ്ഞത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി നീല ഡ്രം തുറന്നതോടെയാണ് മൃതദേഹാവശിഷ്ടങ്ങള് കണ്ടെത്തിയത്. ഇതിനുപിന്നാലെ ഷിംലയിലെ ഒരു ഹോട്ടലില്നിന്ന് പ്രതികളെ പിടികൂടുകയുംചെയ്തു.