മമതയുടെ അനന്തരവൻ അഭിഷേകിനെ സി.ബി.ഐ ചോദ്യം ചെയ്തു

 

കൊൽക്കത്ത: സ്കൂൾ നിയമനവുമായി ബന്ധ​പ്പെട്ട അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമ​ന്ത്രിയുമായ മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയെ ​സി.ബി.ഐ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനായി അഭിഷേക് സി.ബി.ഐയുടെ കൊൽക്കത്തയിലെ ഓഫിസിൽ ഹാജരാവുകയായിരുന്നു. കനത്ത സുരക്ഷ അകമ്പടിയോടെയാണ് അഭിഷേക് സി.ബി.ഐ ഓഫിസിലേക്ക് എത്തിയത്.

അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളുമായി ബന്ധമുള്ള സുജയ് ഭദ്രയുടെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ബംഗാളിലെ വിവിധ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നടത്തിയ അനധികൃത നിയമനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ഭദ്ര മാർച്ച് 15ന് സി.ബി.ഐക്ക് മുമ്പിൽ ഹാജരായിരുന്നു. അഴിമതിയുടെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചാണ് സി.ബി.ഐ അന്വേഷിക്കുന്നത്. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ക്രമക്കേട് അടക്കമുള്ള പണമിടപാടിനെ കുറിച്ചാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.

അഴിമതിക്കേസിലെ പ്രതി കുന്തൽ ഘോഷ് നൽകിയ പരാതിയിലാണ് ടി.എം.സി നേതാവിന്റെ പേര് ഉയർന്നത്. സ്‌കൂൾ അഴിമതി കേസിൽ അഭിഷേക് ബാനർജിയുടെ പേര് വെളിപ്പെടുത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നിൽ സമ്മർദം ചെലുത്തുന്നതായി ഘോഷ് ആരോപിച്ചിരുന്നു.