തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ മമത തെരുവിലിറങ്ങും

 

അതത് മണ്ഡലങ്ങളില്‍ തുടരണമെന്നാണ് മമതാ ബാനര്‍ജി മറ്റ് ജില്ലകളിലുള്ള മന്ത്രിമാരോടും എംഎല്‍എമാരോടും നിര്‍ദേശിച്ചിരിക്കുന്നത്.

 

റെഡ് റോഡിലെ ബി ആര്‍ അംബേദ്കര്‍ പ്രതിമ മുതല്‍ ജോറാസങ്കോ താക്കുര്‍ബാരി വരെയാണ് റാലി.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലി ഇന്ന്. അനന്തരവനും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അണിനിരക്കും. റെഡ് റോഡിലെ ബി ആര്‍ അംബേദ്കര്‍ പ്രതിമ മുതല്‍ ജോറാസങ്കോ താക്കുര്‍ബാരി വരെയാണ് റാലി.

റാലിയില്‍ അണിനിരക്കുന്നതിന് പകരം എസ്ഐആര്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ അതത് മണ്ഡലങ്ങളില്‍ തുടരണമെന്നാണ് മമതാ ബാനര്‍ജി മറ്റ് ജില്ലകളിലുള്ള മന്ത്രിമാരോടും എംഎല്‍എമാരോടും നിര്‍ദേശിച്ചിരിക്കുന്നത്.

'റാലിയില്‍ പങ്കെടുക്കുന്നതിനായി കൊല്‍ക്കത്തയില്‍ എത്തേണ്ടതില്ലെന്നാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ടിഎംസി നേതാക്കളെയും പ്രവര്‍ത്തകരെയും അറിയിച്ചത്. പകരം എസ്ഐആര്‍ ഫോം വിതരണം ചെയ്യുന്ന ബിഎല്‍ഒമാരെ അനുഗമിക്കാനാണ് നിര്‍ദേശം. കൊല്‍ക്കത്ത, ഹൗറ, നോര്‍ത്ത് 24 പര്‍ഗന്‍സ്, സൗത്ത് 24 പര്‍ഗന്‍സ് അടക്കമുള്ള സമീപ പ്രദേശങ്ങളിലെ നേതാക്കള്‍ റാലിയില്‍ അണിനിരക്കും', അഭിഷേക് ബാനര്‍ജിയും കൊല്‍ക്കത്തയില്‍ പ്രതികരിച്ചു. എസ്ഐആറിന്റെ ഏതെങ്കിലും ഘട്ടത്തില്‍ സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതിനായി മുഴുവന്‍ വാര്‍ഡിലും ഹെല്‍പ് ഡസ്‌ക്കുകള്‍ സജ്ജമാക്കാനും തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.