സനാതന ധർമ്മത്തെ അധിക്ഷേപിച്ചു ; മമത ബാനർജിക്കെതിരെ കേസ്
സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചെന്ന പരാതിയിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കൊൽക്കത്ത : സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചെന്ന പരാതിയിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷത്തെ ഈദ് ആഘോഷ പരിപാടികൾക്കിടെ സനാതന ധർമ്മത്തെ മോശമായി ചിത്രീകരിച്ച് സംസാരിച്ചെന്നാണ് ആരോപണം. സിലിഗുരി സൈബർ പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
മമത ബാനർജിയുടെ വാക്കുകൾ സനാതന ധർമ്മ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സമൂഹത്തിൽ ഭിന്നതയും അശാന്തിയും സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കാണിച്ച് അഡ്വക്കേറ്റ് റിങ്കി ചാറ്റർജി സിങ്ങാണ് പരാതി നൽകിയത്. കഴിഞ്ഞ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും വോട്ടർമാരെ സ്വാധീനിക്കാനും ഭയപ്പെടുത്താനുമായി മമത പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതായി എഫ്.ഐ.ആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) വിവിധ കടുത്ത വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം, രാഷ്ട്രീയ നേട്ടങ്ങൾക്കായി മമത ബാനർജി വർഗീയ പ്രസ്താവനകളെ ആയുധമാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും രംഗത്തെത്തിയിരുന്നു. മമതയുടേത് വെറുമൊരു ഈദ് പ്രസംഗമായിരുന്നില്ലെന്നും കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുന്നെന്നും ആരോപിച്ച അദ്ദേഹം, മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം നിലപാടുകളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും വ്യക്തമാക്കി.