വിവരാവകാശ നിയമത്തെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നു : മല്ലികാർജുൻ ഖാർഗെ
വിവരാവകാശ നിയമം (ആർ.ടി.ഐ) പുനഃപരിശോധിക്കണമെന്ന സാമ്പത്തിക സർവേ റിപ്പോർട്ടിലെ ശിപാർശക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കൊന്നതിനുശേഷം
ന്യൂഡൽഹി: വിവരാവകാശ നിയമം (ആർ.ടി.ഐ) പുനഃപരിശോധിക്കണമെന്ന സാമ്പത്തിക സർവേ റിപ്പോർട്ടിലെ ശിപാർശക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കൊന്നതിനുശേഷം ഇനി ആർ.ടി.ഐയെ കൊലപ്പെടുത്താനുള്ള നീക്കമാണോ എന്ന് ഖാർഗെ ചോദിച്ചു. 2014 മുതൽ ഇതുവരെ 100ലധികം ആർ.ടി.ഐ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. യു.പി.എ സർക്കാർ പാസാക്കിയ വിസിൽ ബ്ലോവേഴ്സ് സംരക്ഷണ നിയമം (സ്വന്തം സംഘടനയിലെയോ വകുപ്പിലെയോ അഴിമതികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുന്നവരെ സംരക്ഷിക്കുന്ന നിയമം) ബി.ജെ.പി ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.
2019ൽ വിവരാവകാശ കമീഷണർമാരുടെ നിയമന കാലാവധിയും വേതനവും നിർണയിക്കുന്നതിന്റെ നിയന്ത്രണമേറ്റെടുത്തതിലൂടെ സ്വതന്ത്ര നിരീക്ഷകരായിരുന്നവരെ വിധേയരായ ഉദ്യോഗസ്ഥരാക്കി മാറ്റിയെന്നു ഖാർഗെ കുറ്റപ്പെടുത്തി.
2023ലെ ഡിജിറ്റൽ വ്യക്തിഗത ഡേറ്റാ സംരക്ഷണ നിയമത്തിലൂടെ ആർ.ടി.ഐയുടെ പൊതുതാൽപര്യ വ്യവസ്ഥയെ കീറിമുറിച്ചെന്നും സ്വകാര്യതയെ ആയുധമാക്കി അഴിമതിയെ പ്രതിരോധിക്കാനും സൂക്ഷ്മപരിശോധന ഇല്ലാതാക്കാനും കഴിഞ്ഞെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. 2025 വരെയുള്ള കണക്കനുസരിച്ച് വിവരാവകാശത്തിനു കീഴിൽ 26,000 കെട്ടിക്കിടക്കുന്ന കേസുകളാണുള്ളതെന്നും ഖാർഗെ പറഞ്ഞു.