പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വർദ്ധനവിന് പ്രധാനമന്ത്രിയാണ് ഉത്തരവാദി ; രൂക്ഷവിമർശനവുമായി മല്ലികാർജുൻ ഖാർഗെ
രാജ്യത്ത് ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. പണപ്പെരുപ്പം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവ രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ജനങ്ങൾക്ക് ആശ്വാസം നൽകാൻ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു.
പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില വർദ്ധനവിന് പ്രധാനമന്ത്രിയാണ് ഉത്തരവാദിയെന്ന വാദവും ഖാർഗെ ഉന്നയിച്ചു. നിലവിലെ സാഹചര്യം കേന്ദ്രസർക്കാർ സൃഷ്ടിച്ച പ്രതിസന്ധിയാണ്. അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടിയത് പാവപ്പെട്ടവരുടെയും താഴെത്തട്ടിലുള്ള മധ്യവർഗത്തിന്റെയും ജീവിതം ദുസ്സഹമാക്കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുകയാണ്. രാജ്യത്തെ ഫലപ്രദമായി ഭരിക്കാൻ ആവശ്യമായ യാതൊരു കാഴ്ചപ്പാടും പ്രധാനമന്ത്രിക്ക് ഇല്ലെന്നും വിലക്കയറ്റവും തൊഴിലില്ലായ്മയും കാരണം രാജ്യത്തുടനീളമുള്ള ജനങ്ങൾ ദുരിതത്തിലാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.