വൺവേ തെറ്റിച്ചു ; തമിഴ്‌നാട്ടിൽ മലയാളി ടാക്‌സി ഡ്രൈവർക്ക് പൊലീസിന്റെ ക്രൂര മർദനം
തമിഴ്‌നാട്ടിൽ മലയാളി ടാക്‌സി ഡ്രൈവർക്ക് നേരെ പൊലീസിന്റെ ക്രൂരമർദനമെന്ന് പരാതി. വൺവേ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. കഴിഞ്ഞ മാസം പതിനൊന്നാം തീയതി വിനോദ സഞ്ചാരികളുമായി എത്തിയ കൊല്ലം തഴുത്തല സ്വദേശി ഫെഡറിക്കിനാണ് മർദനമേറ്റത്.
ചെന്നൈ: തമിഴ്‌നാട്ടിൽ മലയാളി ടാക്‌സി ഡ്രൈവർക്ക് നേരെ പൊലീസിന്റെ ക്രൂരമർദനമെന്ന് പരാതി. വൺവേ തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. കഴിഞ്ഞ മാസം പതിനൊന്നാം തീയതി വിനോദ സഞ്ചാരികളുമായി എത്തിയ കൊല്ലം തഴുത്തല സ്വദേശി ഫെഡറിക്കിനാണ് മർദനമേറ്റത്. കാറിലും ഓട്ടോയിലും കയറ്റി മർദിച്ചെന്നും പരാതിയുണ്ട്. ഓസ്‌ട്രേലിയയിൽ നിന്നെത്തിയ വിനോദസഞ്ചാരികളെയും പൊലീസ് കയ്യേറ്റം ചെയ്‌തെന്നും ഫെഡറിക് ആരോപിച്ചു. മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചുമത്തി ഫെഡറിക്കെതിരെ രാമേശ്വരം പൊലീസ് കേസെടുത്തിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിക്ക് പരാതി നൽകുമെന്നും യുവാവ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനും ഫെഡറിക്കെതിരെ കേസെടുത്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 11നാണ് സംഭവം നടക്കുന്നത്. പത്താം തീയതി വൈകിട്ടോടെയാണ് ഫെഡറിക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഓസ്‌ട്രേലിയയിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുമായി തമിഴ്‌നാട്ടിലേക്ക് പോകുന്നത്. കന്യാകുമാരിയിൽ നിന്ന് രാമേശ്വരത്ത് പോയി തിരികെ വരുന്നതിനിടെ രാമേശ്വരം റെയിൽവേ സ്‌റ്റേഷനടുത്തുള്ള ടെമ്പിൾ റോഡിൽ വെച്ചാണ് ട്രാഫിക് പൊലീസ് ഇയാളെ തടഞ്ഞു നിർത്തി ക്രൂരമായി മർദിക്കുന്നത്. വൺവെ തെറ്റിച്ചെന്നാരോപിച്ചായിരുന്നു മർദനം. എന്നാൽ ഫെഡറിക്കിന്റെ വാഹനത്തിന് തൊട്ട് പിന്നാലെ തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ഉണ്ടായിരുന്നത് കാട്ടി ഫെഡറിക്ക് പൊലീസിലെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൻ കാണാം. കൂടാതെ മറ്റ് സ്വകാര്യ വാഹനങ്ങളും റോഡിലൂടെ പോകുന്നുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് താൻ മാത്രം വൺവേ തെറ്റിച്ചു എന്ന് പറയുന്നതിന് കാരണമെന്താണെന്ന് ഫെഡറിക്ക് ചോദിച്ചത്.
എന്നാൽ സർക്കാർ വാഹനങ്ങൾക്ക് പോകാം എന്നായിരുന്നു പൊലീസ് നൽകിയ വിശദീകരണം. രാമേശ്വരം പൊലീസ് സ്റ്റേഷനിലെ സത്യേന്ദ്രൻ, യുവരാജ് കുമാർ എന്നീ പൊലീസുകാരാണ് ഫെഡറിക്കിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദിക്കുന്നത്. പിന്നാലെ അടുത്തുള്ള ഒരു ഓട്ടോയിലേക്ക് ഇയാളെ വലിച്ചിഴച്ചു കയറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനുള്ളിൽ വെച്ചും മർദിച്ചതായാണ് ഫെഡറിക് പറയുന്നത്. ഫെഡറിക്കിനൊപ്പമുണ്ടായിരുന്ന ഓസ്‌ട്രേലിയൻ വിനോദ സഞ്ചാരിയേയും പൊലീസ് മർദിച്ചതായി ആരോപണമുണ്ട്. ട്രാഫിക് നിയമ ലംഘനം നടത്തിയാൽ പിഴ ഇടാക്കുന്നതിന് പകരം മർദിക്കുന്നതെന്തിനെന്നും ഫെഡറിക് ചോദിക്കുന്നു. മൂഖ്യമന്ത്രി ജോസഫ് വിജയ്ക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഫെഡറിക്. സംഭവത്തിൽ രാമേശ്വരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.