യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍ 

 

ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു പരാതി

 

ഇദ്ദേഹം താമസിച്ചിരുന്ന മുറിയില്‍ നിന്ന് മതപരമായ പുസ്തകങ്ങളും സംഗീതോപകരണങ്ങളും മൈക്രോഫോണുകളും അടക്കം പിടിച്ചെടുത്തു

ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്ററെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ജോസ് തോമസാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ സിക്കന്തര്‍പൂരിലാണ് സംഭവം നടന്നത്. ഇന്നലെയായിരുന്നു സംഭവം. ഇദ്ദേഹം താമസിച്ചിരുന്ന മുറിയില്‍ നിന്ന് മതപരമായ പുസ്തകങ്ങളും സംഗീതോപകരണങ്ങളും മൈക്രോഫോണുകളും അടക്കം പിടിച്ചെടുത്തു

ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് യുപി പൊലീസ് പാസ്റ്റര്‍ക്കെതിരെ കേസെടുത്തത്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും ജോസ് തോമസിനെതിരെ പരാതിയിലുണ്ടായിരുന്നു.

പാസ്റ്റര്‍ കുറച്ചുദിവസങ്ങളായി ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ബജ്റംഗ്ദളിന്റെ ജില്ലാ കോഓര്‍ഡിനേറ്ററാണ് പൊലീസില്‍ പരാതി നല്‍കിയത്.. ബിഹാറിലെ പട്നയിലായിരുന്നു ജോസ് തോമസ് മുന്‍പ് താമസിച്ചിരുന്നത്. കുറച്ച് ദിവസം മുമ്പാണ് ഇദ്ദേഹം സിക്കന്തര്‍പൂരിലെത്തിയത്. മതപരിവര്‍ത്തനത്തിനായാണ് ജോസ് തോമസ് സിക്കന്തര്‍പൂരില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.