ബെംഗളൂരുവിൽ കണ്ടെയ്‌നർ ലോറിയിടിച്ച് അപകടം ; മലയാളി സഹോദരങ്ങൾക്ക് ദാരുണാന്ത്യം
ബെംഗളൂരു: ടയർ മാറ്റിയിടുന്നതിനായി റോഡരികിൽ നിർത്തിയ കാറിന് പിന്നിൽ കണ്ടെയ്‌നർ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം മണിയൻതോട്ടിൽ ദിവ്യ (34), സഹോദരൻ ദീപക് (27) എന്നിവരാണ് മരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റു. ബെംഗളൂരു സേലം പാതയിൽ (എൻഎച്ച് 844) കൃഷ്ണഗിരിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.
ഇവർ സഞ്ചരിച്ച കാറിന്റെ ചക്രം കേടായതിനെത്തുടർന്ന് വഴിയരികിൽ നിർത്തുകയായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങി ചക്രം മാറ്റുന്നതിനിടെയാണ് അപകടം. കാറിന്റെ പിന്നിൽ ലോറി വന്നിടിക്കുകയായിരുന്നു.
ഇവരുടെ അച്ഛൻ രവീന്ദ്രൻ (59), അമ്മ പാർവതി (53), ദിവ്യയുടെ ഇരട്ടസഹോദരി രമ്യ (34), ദിവ്യയുടെ ഭർത്താവ് പട്ടാമ്പി ഓങ്ങല്ലൂർ കരിമ്പുള്ളി തെക്കേതിൽ വിനീത് (44), ഇവരുടെ മക്കളായ അഭിൻദേവ് (12), അഖിൽദേവ് (9), വിനീതിന്റെ അമ്മ സരോജിനി (68) എന്നിവരാണ് കാറിലുണ്ടായിരുന്നത്.