സർക്കാർ ഈ രാജ്യത്തെ യുവാക്കളെ വളരെയധികം ഭയപ്പെടുന്നു ; കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിയതിൽ പ്രതികരിച്ച് മഹുവ മൊയ്ത്ര

 

  ന്യൂഡൽഹി: ആക്ഷേപഹാസ്യ സോഷ്യൽ മീഡിയ പേജായ "കോക്രോച്ച് ജനതാ പാർട്ടി"യുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവച്ചതിനെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. കേന്ദ്രം വിയോജിപ്പുകൾ അടിച്ചമർത്തുകയാണെന്ന് മഹുവ ആരോപിച്ചു. "ഫാഷിസം ജനാധിപത്യമല്ല. നമ്മുടെ സർക്കാർ ഈ രാജ്യത്തെ യുവാക്കളെ വളരെയധികം ഭയപ്പെടുന്നു, ഒരു വെർച്വൽ ഓൺലൈൻ പ്രസ്ഥാനം പോലും സഹിക്കാൻ കഴിയില്ല. പ്രതിപക്ഷത്തുള്ള നമ്മൾ ദിവസേന എന്തെല്ലാം സാധ്യതകളാണ് നേരിടുന്നതെന്ന് ദയവായി മനസ്സിലാക്കുക". അവർ എക്സിൽ കുറിച്ചു. നേരത്തേ തന്നെ മഹുവ മൊയ്ത്രയും ടി.എം.സി നേതാവായ കീർത്തി ആസാദും സി.ജെ.പിയിൽ അംഗത്വം എടുത്തിരുന്നു.

അക്കൗണ്ട് പൂട്ടിയതിനെതിരെ കോൺഗ്രസ് എം.പി ശശി തരൂരും രംഗത്തെത്തിയിരുന്നു. അക്കൗണ്ട് പൂട്ടിയത് വിനാശകരവും അങ്ങേയറ്റം ബുദ്ധിശൂന്യവുമായ പ്രവൃത്തിയാണെന്നാണ് കോൺഗ്രസ് എം.പി ശശി തരൂർ പറഞ്ഞത്.

സർക്കാരിൽ യുവാക്കൾക്കുള്ള അതൃപ്തിയാണ് കോക്രോച്ച് ജനതാ പാർട്ടി വെളിപ്പെടുത്തുന്നത്. പ്രതിപക്ഷത്തിന് മുന്നിൽ അവസരമുണ്ടെന്ന് അവർ കാണിച്ചുതന്നു. സർക്കാരിനോടുള്ള ഈ അതൃപ്തിയെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കും ബാലറ്റ് പെട്ടിയിലേക്കും തിരിച്ചുവിടുക എന്നതാണ് പ്രതിപക്ഷത്തിന്റെ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.സി.ജെ.പി വെറുമൊരു ഇന്റർനെറ്റ് പ്രതിഭാസം മാത്രമല്ല. രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥയാണ് അതിൽ പ്രതിഫലിക്കുന്നതെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.ഇൻസ്റ്റഗ്രാമിൽ ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള 'കോക്രോച്ച് ജനതാ പാർട്ടി'യുടെ പെട്ടെന്നുള്ള ഉയർച്ച തന്നെ ആശ്ചര്യപ്പെടുത്തി എന്നും അദ്ദേഹം എക്സിൽ കുറിച്ചു. രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ബുധനാഴ്ച ഇന്ത്യയിൽ തടഞ്ഞുവച്ചു.