മഹാരാഷ്ട്രയിൽ കർഷകർ നടത്തിയ പ്രതിഷേധ സമരത്തിൽ 58കാരൻ മരിച്ചു

 

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് മുംബൈയിലേക്ക് ആയിരക്കണക്കിന് കർഷകർ നടത്തിയ പ്രതിഷേധ സമരത്തിൽ പ​ങ്കെടുത്ത 58 കാരൻ മരിച്ചു. സമരത്തിനിടെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട പുണ്ഡലിക് അമ്പു ജാധവിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആരോഗ്യം മെച്ചപ്പെട്ടപ്പോൾ അദ്ദേഹം പ്രതിഷേധകരുടെ ക്യാമ്പിൽ മടങ്ങിയെത്തി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ജാധവ് ചർദിച്ചു. വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഞായറാഴ്ച ദി​ൻഡോരിയിൽ നിന്ന് തുടങ്ങിയ കർഷകരുടെ കാൽനട യാത്രയിൽ ആയിരങ്ങളാണ് പ​ങ്കെടുത്തത്. യാത്ര മുംബൈയിലെ താനെയിലെത്തി. ഉള്ളി കർഷകർക്ക് സാമ്പത്തിക സഹായം നൽകണമെന്നും 12 മണിക്കൂർ തടസ്സപ്പെടാതെ വൈദ്യുതി നൽകണമെന്നും കാർഷിക വായ്പകളിൽ ഇളവു നൽകണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്. കർഷകരുമായി ചർച്ചക്ക് തയാറാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചിട്ടുണ്ട്.