മതപരിവർത്തനം തടയൽ നിയമം പാസാക്കി മഹാരാഷ്ട്ര നിയമസഭ
മുംബൈ: സംസ്ഥാനത്തെ മതപരിവർത്തനങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള മഹാരാഷ്ട്ര മതസ്വാതന്ത്ര്യനിയമം 2026 നിയമസഭ പാസാക്കി. അഞ്ച് മണിക്കൂറോളം നീണ്ട സുദൂർഘമായ ചർച്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച ബിൽ പാസാക്കിയത്. ആരെയെങ്കിലും നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നവർക്ക് ഏഴ് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന വിധത്തിലുള്ള നിയമമാണിത്. ബില്ലിന്റെ ചർച്ചാവേളയിൽ മഹാവികാസ് അഘാടിയിൽ നിന്ന് തന്നെ വിരുദ്ധാഭിപ്രായങ്ങൾ ഉയർന്നു. മതസ്വാതന്ത്ര്യ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമല്ല മഹാരാഷ്ട്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങൾ സമാന നിയമം പാസാക്കിക്കഴിഞ്ഞു. സമ്മർദ്ദം ചെലുത്തിയും പ്രലോഭിപ്പിച്ചുമെല്ലാം മതപരിവർത്തനം നടത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം വലിയ ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താനായാണ് നിയമം കൊണ്ടു വന്നിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇത്തരത്തിൽ നടത്തുന്ന മതപരിവർത്തനങ്ങൾക്ക് സാധുതയുണ്ടാകില്ല. ഇത്തരം മതപരിവർത്തനം വഴി ഒരു വിവാഹം നടത്താനും സാധിക്കില്ല. ഇത്തരം സംഭവങ്ങളിൽ കോടതിയാകും അന്തിമ വിധി കൽപ്പിക്കുക എന്നും ഫട്നാവിസ് പറഞ്ഞു. ഇത്തരം മതപരിവർത്തനം നടന്ന വിവാഹങ്ങളിലുണ്ടാകുന്ന കുഞ്ഞുങ്ങൾ അമ്മയുടെ മതത്തിൽ പെട്ടവരാകും. കുട്ടിയുടെ അവകാശവും അമ്മയ്ക്ക് തന്നെയാകും. സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേ കുറ്റം ആവർത്തിക്കുകയാണെങ്കിൽ പത്ത് വർഷം വരെയാണ് തടവ് ശിക്ഷയുടെ കാലാവധിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.വിവിധ രാഷ്ട്രീയ കക്ഷികളിലെ സമാജികർ തങ്ങളുടെ കാഴ്ചപ്പാടുകൾ സഭയിൽ പങ്കുവച്ചു. ചിലർ ബില്ലിനെ അഭിനന്ദിച്ചപ്പോൾ മറ്റ് ചിലർ ഇതിന്റെ താത്പര്യത്തെ ചോദ്യം ചെയ്തു.
അതേസമയം കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, സമാജ് വാദി പാർട്ടി എന്നിവർ ബില്ലിനെ എതിർത്തു. ഈ നിയമം പാസാക്കിയതിലൂടെ ഭരണഘടനയിലേക്ക് അനാവശ്യമായി ഇടപെടുകയാണെന്ന് കോൺഗ്രസ് സമാജികൻ അസ്ലം ഷെയ്ഖ് ചൂണ്ടിക്കാട്ടി. വ്യക്തികളുടെ സുരക്ഷ ഇത് ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ 21ാം അനുച്ഛേദം ഉറപ്പ് നൽകുന്ന സ്വകാര്യതാവകാശവും ഈ ബിൽ ലംഘിക്കുന്നു. മതപരിവർത്തനം സംബന്ധിച്ച് ഒരു വ്യക്തി അറുപത് ദിവസം മുമ്പ് അധികൃതരെ രേഖാമൂലം അറിയിക്കണമെന്ന നിബന്ധന മുന്നോട്ട് വയ്ക്കുമ്പോൾ ആ വ്യക്തിക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.