ക്രിസ്ത്യൻ മിഷനറി ഭൂമികളിൽ ഓഡിറ്റിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

 

 മുംബൈ: മഹാരാഷ്ട്രയിലെ ചർച്ചുകൾ, ക്രിസ്ത്യൻ മിഷനറി സംഘടനകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള ഭൂമികൾ പരിശോധിക്കാൻ ഉത്തരവിട്ട് ബി.ജെ.പി സർക്കാർ. ബ്രിട്ടീഷ് കാലഘട്ടം മുതൽ മിഷനറികൾ കൈവശം വെച്ചിരിക്കുന്ന എല്ലാ ഭൂമിയും പരിശോധിക്കും.

മൂന്ന് മാസത്തിനകം പരിശോധന പൂർത്തിയാക്കുമെന്നും നിയമവിരുദ്ധമായ കൈയേറ്റമോ ക്രമക്കേടുകളോ കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവങ്കുലെ നിയമസഭയിൽ പറഞ്ഞു. ‘നിയമ സാധുതയുള്ള ഉടമസ്ഥാവകാശമുള്ളവർ വിഷമിക്കേണ്ടതില്ല. എന്നാൽ, നിയമലംഘനം കണ്ടെത്തിയാൽ സർക്കാർ കേസുകൾ അവലോകനം ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കും’ -അദ്ദേഹം വ്യക്തമാക്കി.

നിയമവിരുദ്ധ കൈയേറ്റങ്ങൾ, തർക്കത്തിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം, ഉടമസ്ഥാവകാശത്തിലെ ക്രമക്കേടുകൾ എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. ഭൂമിയിടപാടുകളിലെ സുതാര്യത ഉറപ്പുവരുത്താനുള്ള സർക്കാറിന്റെ വിശാലമായ നയത്തിന്റെ ഭാഗമാണ് ഈ നടപടി. അതത് ഡിവിഷണൽ കമീഷണറുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് പരിശോധന നടത്തുക. സെറ്റിൽമെന്റ് കമീഷണറുടെ ഓഫിസ്, പൊലീസ്, ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഈ സമിതിയിൽ ഉണ്ടാകും.

അനധികൃതമാണെന്ന് കണ്ടെത്തുന്ന എല്ലാ ഭൂമിയും സർക്കാർ തിരിച്ചുപിടിക്കും. ഭൂമി ഇതിനകം തദ്ദേശീയ കോളനികളായി വികസിപ്പിക്കുകയോ പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി അനുവദിക്കുകയോ ചെയ്ത കേസുകളിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് സർക്കാർ നിയമവകുപ്പിന്റെ അഭിപ്രായം തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.