വിവാഹത്തിൽ താലിഊരിമാറ്റുന്നത് ഭർത്താവിനോടുള്ള മാനസിക ക്രൂരതയായി കണക്കാക്കാം : 49 വർഷത്തെ വിവാഹബന്ധം വേർപെടുത്താൻ അനുവദിച്ച് മദ്രാസ് ഹൈക്കോടതി

 

 ഹിന്ദു വിവാഹത്തിൽ താലിഊരിമാറ്റുന്നത് ഭർത്താവിനോടുള്ള മാനസിക ക്രൂരതയായി കണക്കാക്കാമെന്ന് നിരീക്ഷിച്ച് മദ്രാസ് ഹൈക്കോടതി. വിരമിച്ച സൈനിക ഉദ്യോഗസ്ഥന് അനുകൂലമായി വിചാരണ കോടതി അനുവദിച്ച വിവാഹമോചനം ശരിവച്ച കോടതി, 49 വർഷം പഴക്കമുള്ള ദാമ്പത്യബന്ധം അവസാനിപ്പിക്കാനും അനുമതി നൽകി.

1977-ൽ ഹിന്ദു ആചാരപ്രകാരം വിവാഹിതരായ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. എന്നാൽ വിവാഹത്തിന്റെ തുടക്കം മുതൽ തന്നെ ഇരുവരും തമ്മിൽ അഭിപ്രായഭിന്നതകൾ നിലനിന്നിരുന്നുവെന്ന് കോടതി രേഖപ്പെടുത്തി. ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ സൈനിക മേലുദ്യോഗസ്ഥർക്ക് നിരന്തരം പരാതികൾ നൽകിയിരുന്നതായും ഇത് ഭർത്താവിന്റെ ഔദ്യോഗിക ജീവിതത്തെയും വ്യക്തിപരമായ പ്രതിച്ഛായയെയും പ്രതികൂലമായി ബാധിച്ചതായും കോടതി വിലയിരുത്തി.

താലി ഊരിമാറ്റിയതും ഏകദേശം മൂന്ന് പതിറ്റാണ്ടായി ഇരുവരും വേർപിരിഞ്ഞ് കഴിയുന്നതും മാനസിക ക്രൂരതയുടെ പരിധിയിൽ വരുന്നതാണെന്ന് ജസ്റ്റിസ് പി. വടമലൈ ചൂണ്ടിക്കാട്ടി. ഭാര്യ മതം മാറി ക്രിസ്തുമതം സ്വീകരിച്ചെന്ന ആരോപണവും കോടതി തള്ളിക്കളഞ്ഞില്ല. പങ്കാളിക്കെതിരെ തൊഴിലുടമയ്ക്ക് നൽകുന്ന അപകീർത്തികരമായ പരാതികൾ മാനസിക ക്രൂരതയായി കണക്കാക്കാമെന്ന സുപ്രീംകോടതിയുടെ മുൻവിധികളും ഹൈക്കോടതി പരാമർശിച്ചു.

കേസിൽ നിർണായകമായ ഘടകമായി ഭാര്യ താലി ഊരിമാറ്റിയതായി സമ്മതിച്ചതിനെ കോടതി ചൂണ്ടിക്കാട്ടി. ഹിന്ദു ആചാരപ്രകാരം ഭർത്താവിന്റെ ജീവിതകാലത്ത് താലി നീക്കം ചെയ്യുന്നത് സാധാരണയല്ലെന്നും ദാമ്പത്യത്തിന്റെ തുടർച്ചയെ പ്രതിനിധീകരിക്കുന്ന പവിത്രമായ പ്രതീകമാണ് താലിയെന്നും കോടതി നിരീക്ഷിച്ചു.

“ഭാര്യയുടെ കഴുത്തിലെ താലി ദാമ്പത്യ ജീവിതത്തിന്റെ തുടർച്ചയെ പ്രതീകപ്പെടുത്തുന്ന പവിത്രമായ ഒന്നാണ്. അത് നീക്കം ചെയ്യുന്നത് ഭർത്താവിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും കടുത്ത മാനസിക പീഡനവുമാണ്,” എന്ന് മുൻ കോടതി വിധികൾ ഉദ്ധരിച്ച് ജസ്റ്റിസ് വടമലൈ വ്യക്തമാക്കി.

1996 മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും ദാമ്പത്യബന്ധം പുനഃസ്ഥാപിക്കാൻ ഭാര്യയുടെ ഭാഗത്തുനിന്ന് കാര്യമായ ശ്രമങ്ങളുണ്ടായിട്ടില്ലെന്നും കോടതി വിലയിരുത്തി. പതിറ്റാണ്ടുകളായി പ്രായോഗികമായി നിലനിൽക്കാത്ത ബന്ധം നിയമപരമായി മാത്രം തുടരുന്നത് ഇരുകൂട്ടർക്കും കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന സുപ്രീംകോടതി നിലപാടും പരിഗണിച്ചാണ് ഭാര്യയുടെ അപ്പീൽ തള്ളുകയും വിവാഹമോചനം ശരിവയ്ക്കുകയും ചെയ്തത്.

9.ഭാര്യമാർ ഭർത്താക്കന്മാർക്കെതിരെ വ്യാജ പോക്സോ കേസുകൾ ഫയൽ ചെയ്യുന്നു, കുട്ടിയെ കള്ളക്കേസുകൾ ചുമത്താനുള്ള ഒരു ആയുധമായി ഉപയോഗിക്കുന്നു : സുപ്രീം കോടതി 

ഭർത്താവുമായുള്ള വിവാഹതർക്കകേസുകൾ ജയിക്കാൻ, കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന വ്യാജആരോപണം ഉന്നയിക്കുന്ന പ്രവണത കൂടി വരുകയാണെന്നു സുപ്രീം കോടതി. വിവാഹമോചന കേസുകളിൽ ഏറ്റവും വൃത്തികെട്ട വശമാണിതെന്ന വിമർശനവും കോടതി ഉന്നയിച്ചു. ‘പോക്സോ‌‌‌‌‌’ കേസുകളുടെ ഈ ദുരുപയോഗം നിരപരാധികൾ ശിക്ഷിക്കപ്പെടുന്നതിനും കേസിന്റെ ബാഹുല്യത്തിനും കാരണമാകുന്നതായും ബെഞ്ച് നിരീക്ഷിച്ചു.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ, വിശേഷിച്ചു പെൺമക്കളുടെ പിതാക്കന്മാരായ ഭർത്താക്കന്മാർക്കെതിരെ വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കപ്പെടുന്നുണ്ടെന്നാണു കോടതിയുടെ നിരീക്ഷണം. കേസിനു ബലം കിട്ടാനും സാമ്പത്തിക നേട്ടമുണ്ടാക്കാനും എതിർകക്ഷിയെ പരമാവധി ഉപദ്രവിക്കുന്നതിനുമുള്ള ഉപാധിയായി ഇതു മാറ്റുന്നു.