സർക്കാർ ജീവനക്കാരുടെ സ്വത്തുക്കളും കടബാധ്യതകളും വ്യക്തിഗത വിവരമല്ല : മദ്രാസ് ഹൈകോടതി
സർക്കാർ ജീവനക്കാരുടെ സ്വത്തുക്കളും കടബാധ്യതകളും വ്യക്തിഗത വിവരമല്ലെന്ന് മദ്രാസ് ഹൈകോടതി. സ്വത്തുക്കളും കടബാധ്യതകളും സർക്കാർ ജീവനക്കാരന്റെ സ്വകാര്യ
ചെന്നൈ : സർക്കാർ ജീവനക്കാരുടെ സ്വത്തുക്കളും കടബാധ്യതകളും വ്യക്തിഗത വിവരമല്ലെന്ന് മദ്രാസ് ഹൈകോടതി. സ്വത്തുക്കളും കടബാധ്യതകളും സർക്കാർ ജീവനക്കാരന്റെ സ്വകാര്യ വിവരങ്ങളാണെന്ന സംസ്ഥാന വിവരാവകാശ നിയമ കമീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ ഹരജിയിലാണ് ഹൈകോടതിയുടെ നിർണായക ഉത്തരവ്.
കൃഷ്ണഗിരി ജില്ല ജലവിഭവ വകുപ്പിൽ അസി. എൻജിനീയറായിരുന്ന കാളിപ്രിയന്റെ സ്വത്തുക്കളുടെയും കട ബാധ്യതകളുടെയും വിവരങ്ങൾ ആവശ്യപ്പെട്ടാണ് കൃഷ്ണഗിരി തിമ്മപുരം ശ്രീനിവാസൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നത്. വിവരാവകാശ നിയമത്തിലെ സെക്ഷൻ എട്ട് പ്രകാരം ചില വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാമെന്നുമാണ് കമീഷൻ ഉത്തരവിട്ടിരുന്നത്. ഇതിനെതിരെയാണ് ശ്രീനിവാസൻ ഹൈകോടതിയെ സമീപിച്ചത്.
സർക്കാർ ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനുള്ള മൗലികാവകാശമാണ്. സർക്കാർ ജീവനക്കാരുടെ ജോലിയെ ബാധിക്കുന്ന വിവരങ്ങൾ സംരക്ഷിച്ചാലും സർക്കാർ ജീവനക്കാരുടെ സ്വത്തുവിവരങ്ങളും കടവും വെളിപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും പൊതുജനങ്ങളുടെ നിരീക്ഷണത്തിൽ നിന്ന് അവരെ മാറ്റിനിർത്താനാവില്ലെന്നും ജഡ്ജി സി.വി. കാർത്തികേയൻ പറഞ്ഞു.