മധ്യപ്രദേശിൽ ബി.ജെ.പി നേതാവിന്റെ മകൻ പീഡിപ്പിച്ച യുവതി ആത്മഹത്യക്ക് ശ്രമിച്ചു 

മധ്യപ്രദേശിലെ ബി.ജെ.പി നേതാവും നഗരസഭാധ്യക്ഷയുമായ ഗായത്രി ശർമ്മയുടെ മകൻ രജത് ശർമ്മയുടെ പീഡനത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഉറക്കഗുളികകളും എലിവിഷവും കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഭോപ്പാൽ: മധ്യപ്രദേശിലെ ബി.ജെ.പി നേതാവും നഗരസഭാധ്യക്ഷയുമായ ഗായത്രി ശർമ്മയുടെ മകൻ രജത് ശർമ്മയുടെ പീഡനത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഉറക്കഗുളികകളും എലിവിഷവും കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഏഴ് മാസമായി ഗായത്രി ശർമ്മയും ഭർത്താവ് സഞ്ജയ് ദുബെയും മകൻ രജത് ശർമ്മയും തന്നെ ഭീഷണിപ്പെടുത്തുന്നതായി ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഏപ്രിൽ 14നാണ് രജത് ശർമക്കെതിരെ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയത്. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഏപ്രിൽ 30ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ, ഒരു മാസത്തിനുശേഷം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

"ഞാൻ പൂർണ ബോധാവസ്ഥയിലാണ് ഈ ആത്മഹത്യാക്കുറിപ്പ് എഴുതുന്നത്. എന്റെ മരണത്തിന് കാരണം ശിവപുരി മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് ഗായത്രി ശർമ്മയും ഭർത്താവ് സഞ്ജയ് ശർമ്മയുമാണ്. അവരുടെ മകൻ രജത് ശർമ്മയുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് അവർക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. തനിക്ക് എതിർപ്പില്ലെന്നും വിവാഹത്തെക്കുറിച്ച് ചർച്ച ചെയ്യാമെന്നും ഗായത്രി ശർമ്മ നേരത്തെ എന്നോട് പറഞ്ഞിരുന്നു. എന്നാൽ, അവർ മറ്റൊരു വിവാഹവുമായി മുന്നോട്ടുപോയി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഗായത്രി ശർമ്മ ഭീഷണിപ്പെടുത്തി’ -ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

ഏപ്രിൽ 14 ന് പോലീസ് സ്റ്റേഷനിൽ പോയി അഞ്ച് മണിക്കൂർ കാത്തിരുന്നെങ്കിലും ആ ദിവസം പരാതി രജിസ്റ്റർ ചെയ്തില്ല. രജത് ശർമ്മയുടെ വിവാഹനിശ്ചയം അതേ ദിവസം തന്നെ നടന്നു. കേസായതോടെ രാഷ്ട്രീയക്കാരെയും പൊലീസുകാരെയും ഉപയോഗിച്ച് പിന്മാറാൻ സമ്മർദ്ദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ പറയുന്നു. കേസ് പിൻവലിച്ചാൽ 50 ലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്തെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഏഴ് മാസമായി നിരന്തരം അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് തന്നെ മാനസികമായി തകർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി മോഹൻ യാദവ്, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ നീതി ഇടപെട്ട് നീതി നൽകണമെന്നും കുറിപ്പിൽ അവർ അഭ്യർത്ഥിച്ചു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 69 പ്രകാരം ഏപ്രിലിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും ശിവപുരി പൊലീസ് സൂപ്രണ്ട് അമൻ സിംഗ് റാത്തോഡ് പറഞ്ഞു. ‘കേസ് കോടതിയുടെ പരിഗണനയിലാണ്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടാൽ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കും’ -പൊലീസ് പറഞ്ഞു.