മധ്യപ്രദേശിൽ കുഴൽക്കിണറിൽ നിന്ന് വെള്ളമെടുത്തതിനെ ചൊല്ലി തർക്കം ; 27കാരന് ദാരുണാന്ത്യം

 

മധ്യപ്രദേശ് : കുഴൽക്കിണറിൽ നിന്ന് വെള്ളമെടുത്തതിന്റെ പേരിലുണ്ടായ തർക്കത്തിൽ‌ ദളിത് യുവാവായ 27കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.

മാതൃസഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു യുവാവ്. കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട് അവിടെ തർക്കം ഉണ്ടായി. തുടർന്ന് ഒന്നിലധികം ആളുകൾ ചേർന്ന് യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുകയും മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഗ്രാമ സർപഞ്ച് പദം സിംഗ് ധാക്കറും കുടുംബാംഗങ്ങളും ചേർന്നാണ് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. മർദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗ്രാമ സർപഞ്ച് ഉൾപ്പെടെ എട്ട് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.